വേടനെതിരെ വിദ്വേഷ പ്രസംഗവുമായി കേസരി വാരിക പത്രാധിപർ എൻ.ആർ മധു
'വേടൻ്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'
കൊല്ലം: വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്‌എസ് മുഖപത്രത്തിന്റെ പത്രാധിപർ എൻ.ആർ മധു. വേടൻ്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു. വേടന്റെ പിന്നില്‍ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സർമാരുണ്ടെന്നും മധു പറഞ്ഞു. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം.
"വേടനോട് എനിക്ക് വ്യക്തിപരമായ വിരോധം ഒന്നുമില്ല. പക്ഷെ വേടന്റെ പാട്ട് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന, വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തി വെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണ്. വേടനെന്ന കലാകാരന് പിന്നിൽ ശക്തമായ സ്പോൺസർ ശക്തികൾ ഉണ്ട്. സൂക്ഷ്മമായി നോക്കിയാൽ അതീ രാജ്യത്തിന്റെ വിഘടനം സ്വപ്‍നം കണ്ട് കഴിയുന്ന ശക്തികൾ ആണ് എന്നത് കൃത്യമാണ്. ഇന്ന് ചില സ്ഥലങ്ങളിലെങ്കിലും നവോഥാനം വഴിപിഴച്ച് പോകുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു," എൻ.ആർ മധു വേദിയിൽ പറഞ്ഞു.
വേദിയിൽ മറ്റു വിദ്വേഷപരാമർശങ്ങളും എൻ.ആർ മധു നടത്തി. ഇത് രാത്രികാല ഭക്ഷണങ്ങളുടെ കാലമാണ്. ശ്മാശാനത്തിലൂടെ നടക്കുന്നത് പോലെയാണ് രാത്രി തെരുവുകളിലൂടെ നടക്കുന്നത്. കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ് എവിടെയും. കേരളത്തിൽ ഷവർമ കഴിച്ച് അനേകം പേർ മരിച്ചു. അതിലൊരു മുഹമ്മദ് ഇല്ല. അതിലൊരു ആയിഷ ഇല്ല. അതിലൊരു തോമസ് ഇല്ല. പക്ഷെ അതിൽ ഒരു വർമ്മ ഉണ്ടായിരുന്നു. ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദു എന്നാണ്, എൻ.ആർ മധു പറഞ്ഞു.