'സമൂഹത്തെ നോക്കിയുള്ള ഈ പരിഹാസം നിറഞ്ഞ ചിരി തന്നെയാണോ സർക്കാർ നയം, പൊലീസ് നടപടി ലജ്ജാകരം'; രാഹുൽ മാങ്കൂട്ടത്തിൽ
റേവ് പാർട്ടി നടത്തിയ സംഘത്തോട് പെരുമാറുന്നത് പോലെ പെരുമാറുവാൻ കാരണം പിണറായി പൊലീസിന്റെ കാക്കിക്കുള്ളിലെ കാവിയാണെന്നറിയില്ലേയെന്നും രാഹുല്‍
തിരുവനന്തപുരം: വിസ്‌ഡം മൂവ്മെന്‍റ് സംഘടിപ്പിച്ച വിദ്യാർഥികളുടെ സമ്മേളനം പത്ത് മിനിറ്റ് വൈകിയെന്ന പേരിൽ അവിടെ അതിക്രമിച്ചു കയറിയ പൊലീസ് നടപടി ലജ്ജാകരമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
റേവ് പാർട്ടി നടത്തിയ സംഘത്തോട് പെരുമാറുന്നത് പോലെ പെരുമാറുവാൻ കാരണം പിണറായി പൊലീസിന്റെ കാക്കിക്കുള്ളിലെ കാവിയാണെന്നറിയില്ലേ നിഷ്കളങ്കരേ എന്നും നിശാലഹരിപ്പാർട്ടി തടയാൻ കഴിവില്ലാതെ, ലഹരിക്കെതിരെ നടത്തുന്ന പരിപാടി തടഞ്ഞിട്ട് സമൂഹത്തെ നോക്കിയുള്ള ഈ പരിഹാസം നിറഞ്ഞ ചിരി തന്നെയാണോ സർക്കാർ നയമെന്ന് വ്യക്തമാക്കണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ രാഹുല്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാവിലെ മുതൽ വൈകുന്നേരം വരെ വ്യത്യസ്ത സ്ഥലങ്ങളിൽ പോയി ഒരു കൊലയാളി വെഞ്ഞാറമ്മൂട്ടിൽ അഞ്ച് പേരെ കൊന്നത് അറിയാത്ത പോലീസ്,
കോടികളുടെ രാസലഹരി കേരളത്തിലേക്ക് ഒഴുകുന്നത് എവിടെ നിന്നാണ് എന്നറിയാത്ത പോലീസ്,
സ്കൂൾ മുതൽ നാലാൾ കൂടുന്ന കവലയിൽ വരെ ലഹരി സുലഭമായത് എങ്ങനെയെന്നറിയാത്ത പോലീസ്
അതേ പോലീസ് പെരിന്തൽമണ്ണയിൽ നടത്തിയ വിസ്ഡം സ്റ്റുഡന്റ്സിന്റെ ലഹരി വിരുദ്ധ പരിപാടി 10 മിനുട്ട് താമസിച്ചു എന്ന് പറഞ്ഞു റേവ് പാർട്ടി നടത്തിയ സംഘത്തോട് പെരുമാറുന്നത് പോലെ പെരുമാറുവാൻ കാരണം പിണറായി പോലീസിന്റെ കാക്കിക്കുള്ളിലെ കാവിയാണെന്നറിയില്ലേ നിഷ്കളങ്കരേ...
നിങ്ങൾ പരിപാടി നടത്തുമ്പോൾ പോലീസ് പെർമിഷൻ മാത്രം വാങ്ങിയാൽ പോരാ, മാരാർജി ഭവനിൽ നിന്നും അനുമതി ലഭിക്കണം.
യുവാക്കൾ ലഹരിക്കടിമപ്പെടുന്ന കാലത്ത് അവരോട് ലഹരിക്കെതിരെ പോരാടാൻ പ്രാപ്തരാക്കുന്ന, ഇന്നലെകളിൽ പൗരധാർമ്മിക വിദ്യാഭ്യാസ പരിപാടികൾ മനോഹരമായി നടപ്പാക്കിയ സംഘടനയായ വിസ്ഡം സ്റ്റുഡന്റ്സിന്റെ ക്രിമിനൽ സംഘത്തോട് പെരുമാറുന്നത് പോലെയുള്ള പോലീസ് ആക്ടിംഗ് ലജ്ജാകരമാണ്.
6 ഗ്രാം കഞ്ചാവ് 9 പേർ താമസിച്ച ഫ്ലാറ്റിൽ നിന്ന് പിടിച്ച് ഷോ കാണിക്കുന്നതല്ല ലഹരിയെ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കാൻ കാണിക്കേണ്ടത്, യുവാക്കളെ ലഹരിക്കെതിരെ പടയാളികളാക്കുകയും അവരിൽ ധാർമ്മിക ബോധം സൃഷ്ടിക്കുകയും ചെയ്താൽ മാത്രമേ ശാശ്വതമായ പരിഹാരമുള്ളൂ, അത്തരം പരിപാടികളോടുള്ള പോലീസിങ്ങ് അപലപനീയമാണ്.
നിശാലഹരിപ്പാർട്ടി തടയാൻ കഴിവില്ലാതെ, ലഹരിക്കെതിരെ നടത്തുന്ന പരിപാടി തടഞ്ഞിട്ട് സമൂഹത്തെ നോക്കിയുള്ള ഈ പരിഹാസം നിറഞ്ഞ ചിരി തന്നെയാണോ സർക്കാർ നയമെന്ന് വ്യക്തമാക്കണം.