കേരള സർവകലാശാല ഉത്തരക്കടലാസ് നഷ്ടമായ സംഭവം; എംബിഎ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
2024 മെയിൽ നടന്ന അവസാന സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉത്തരക്കടലാസ് നഷ്ടമായതിനെ തുടർന്ന് തടഞ്ഞുവെച്ച എംബിഎ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനപരീക്ഷയുടേത് ഉൾപ്പെടെയുള്ള ഫലമാണ് പുറത്തുവിട്ടത്. 71 വിദ്യാർഥികളുടെ പേപ്പർ നഷ്ടപ്പെട്ടതിനാൽ ഫലം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.
2024 മെയിൽ നടന്ന അവസാന സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിർണയത്തിനുശേഷം പരീക്ഷാ പേപ്പറുകൾ നഷ്ടമായി എന്നാണ് അധ്യാപകൻ സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം. പേപ്പർ നഷ്ടമായതോടെ വീണ്ടും പരീക്ഷ എഴുതണം എന്ന് വിദ്യാർഥികൾക്ക് നിർദേശം ലഭിച്ചിരുന്നു. ഇ-മെയിൽ മുഖാന്തരമാണ് അറിയിപ്പ് ലഭിച്ചത്. അധ്യാപകന്റെ വീഴ്ചയ്ക്ക് ഒരു വർഷത്തിനുശേഷം വീണ്ടും വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതുകയായിരുന്നു.