പ്രവാസിയുടെ മൃതദേഹം 24 മണിക്കൂറിനകം നാട്ടിലെത്തിച്ചു; കെഎംസിസിയുടെ സേവനത്തെ അഭിനന്ദിച്ച് പുരോഹിതൻ
കൊല്ലം സ്വദേശി ജോസഫ് വിക്ടറിന്റെ മൃതദേഹമാണ് മസ്‌കത്ത് കെഎംസിസിയുടെ ഇടപെടലിൽ അതിവേഗത്തിൽ നാട്ടിലെത്തിച്ചത്
മസ്‌കത്ത്: ഒമാനിൽ മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം 24 മണിക്കൂറിനകം നാട്ടിലെത്തിച്ച കെഎംസിസിയുടെ സേവനത്തെ അഭിനന്ദിച്ച് പുരോഹിതൻ. കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കൊല്ലം താമരകുളത്തെ ജോസഫ് വിക്ടറിന്റെ മൃതദേഹം മസ്‌കത്ത് കെഎംസിസിയുടെ ഇടപെടലിൽ അതിവേഗത്തിൽ നാട്ടിലെത്തിച്ചതിനെ തുടർന്നാണ് അഭിനന്ദനം. കൊല്ലം പോർട്ട് ചർച്ചിൽ നടന്ന ജോസഫ് വിക്ടറിന്റെ സംസ്‌കാര ചടങ്ങിൽ പുരോഹിതൻ ഫാദർ ഡോക്ടർ ബെന്നി വർഗീസാണ് മസ്‌കത്ത് കെഎംസിസിയുടെ സേവനത്തെ പ്രകീർത്തിച്ചത്. മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ സഹായിച്ച കെഎംസിസിയേയും അതിനു നേതൃത്വം നൽകിയ മസ്‌കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെയും സേവനവുമാണ് അദ്ദേഹം എടുത്ത് പറഞ്ഞത്. 24 മണിക്കൂറിനകം മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാൻ സഹായിച്ച ഈ മുസ്‌ലിം സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം സംസ്‌കാര ചടങ്ങിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം 26ന് രാത്രിയിൽ ഇബ്രിയിൽനിന്ന് സൗദിയിലേക്ക് പോകുന്ന പാതയിൽ സഫയിൽ എത്തുന്നതിന് മുമ്പായിരുന്നു അപകടം. അപകടത്തിൽ കൂടെയുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്ടറിനെ ആദ്യം ഇബ്രി ആശുപത്രിയിലും പിന്നീട് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 14ാം തീയതി പുലർച്ചെ അഞ്ചരയോടെ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട വിക്ടറിന്റെ മൃതദേഹം മണിക്കൂറുകൾക്കുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്ന് രാത്രി തന്നെ ഒമാനിൽ നിന്ന് നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം വൈകിട്ടോടെ തന്നെ സംസ്‌കരിച്ചു.