യേശുക്രിസ്തുവിന്റെ കുരിശുമരണ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാർഥനകള്‍ നടക്കും

കുരിശിന്‍റെ വഴിയിൽ വിശ്വാസികൾ അണിനിരക്കും

Update: 2025-04-18 01:22 GMT
Editor : Lissy P | By : Web Desk

കോട്ടയം: യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓർമയിൽ ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്‍റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും.

തിരുവനന്തപുരത്ത് പാളയം സെൻറ് ജോസഫ്സ് പള്ളിക്ക് മുന്നില്‍ നിന്ന് രാവിലെ ആറരയോടെ സംയുക്ത കുരിശിന്‍റെ വഴി ചടങ്ങുകള്‍ തുടങ്ങും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രാരംഭ സന്ദേശം നൽകും. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ സമാപന സന്ദേശവും പങ്കുവെക്കും.  മറ്റ് ജില്ലകളിലെ വിവിധ ദേവാലയങ്ങളിൽ സഭാ അധ്യക്ഷന്മാർ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Advertising
Advertising

ദുഃഖവെള്ളി ദിനത്തിൽ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വാഴൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 8 മണിക്ക് പ്രഭാത നമസ്കാരത്തോടെ കുർബാന ആരംഭിക്കും . തുടർന്ന് പ്രദക്ഷിണവും മറ്റ് ശുശ്രൂഷകളും നടക്കും. യാക്കോബായ ശ്രേഷ്ഠ കാതോലിക്ക ബാവ മാർ ബസേലിയോസ് ജോസഫ് ബാവ മണർകാട് പള്ളിയിൽ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

അതിനിടെ ഇടുക്കി തൊമ്മൻകുത്തിൽ വനം വകുപ്പ് കുരിശ് പൊളിച്ചയിടത്തേക്ക് വിശ്വാസികൾ ഇന്ന് കുരിശിന്റെ വഴി നടത്തും. സെൻറ് തോമസ് പള്ളിയിൽ രാവിലെ നടക്കുന്ന പ്രാർഥനക്ക് ശേഷമാണ് കുരിശ് സ്ഥാപിച്ചിരുന്ന നാരങ്ങാനത്തേക്ക് പരിഹാര പ്രദിക്ഷണം നടത്തുക. സംരക്ഷിത വനമേഖലയിലാണ് കുരിശ് സ്ഥാപിച്ചെന്ന കാരണത്താലാണ് കുരിശ് വനം വകുപ്പ് പൊളിച്ചു നീക്കിയത്.

സംഭവത്തിൽ പള്ളി വികാരി ഉൾപ്പെടെ പതിനെട്ട് പേരെ പ്രതിചേർത്ത് വനംവകുപ്പ് കേസുമെടുത്തിരുന്നു. സ്ഥലം ജെണ്ടക്ക് പുറത്തുള്ള കൈവശഭൂമിയിലാണെന്നും പള്ളിക്ക് ദാനമായി ലഭിച്ച ഭൂമിയാണെന്നുമാണ് പള്ളിക്കമ്മിറ്റിയുടെ വിശദീകരണം.സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചാൽ നടപടിയെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News