നടി വിൻസിയുടെ പരാതിക്ക് പിന്നാലെ ഐസിസി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സിനിമാ സംഘടനകൾ
ഷൈൻ ടോം ചാക്കോക്കെതിരായ പരാതി 21ന് ചേരുന്ന ഫിലിം ചേംബർ യോഗം ചർച്ച ചെയ്യും
കൊച്ചി: സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റി(ഐസിസി) പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സിനിമാ സംഘടനകൾ. 21ന് ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ പുതിയ വിവാദങ്ങൾ ചർച്ച ചെയ്യും. വിഷയം ഗൗരവമായി കാണാനും വിവിധ സംഘടനകളുമായി കൂടിയാലോചന നടത്താനും ഫിലിം ചേംബർ തീരുമാനിച്ചിട്ടുണ്ട്.ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
സിനിമ സെറ്റിൽ നേരിട്ട ദുരനുഭവം സംബന്ധിച്ച വിൻസിയുടെ തുറന്നുപറച്ചിലിന് പിന്നാലെ ഡബ്ല്യുസിസി ഉൾപ്പെടെയുള്ള സംഘടനകൾ വിൻസിക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഐസിസി പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗനിർദേശം വേണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം കൂടിയുള്ള സാഹചര്യത്തിൽ വിഷയം അതീവ ഗൗരവത്തോടെ സമീപിക്കാനാണ് സിനിമ സംഘടനകളും തീരുമാനിച്ചിരിക്കുന്നത്.
താര സംഘടനയുടെ മൂന്നംഗ സമിതിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. വിൻസിക്ക് പുറമെ, ഷൈൻ ടോം ചാക്കോ, സിനിമയുടെ അണിയറ പ്രവർത്തകർ എന്നിവരിൽ നിന്ന് സമിതി വിവരങ്ങൾ ശേഖരിക്കും.
അതിനിടെ, കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ടും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വിഷയത്തിൽ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പൊലീസ് നിലവിൽ തീരുമാനിച്ചിട്ടില്ല. എന്നാൽ, ഡാൻസാഫുമായി ചേർന്ന് എക്സൈസും സമാന രീതിയിൽ വിവരശേഖരണം നടത്തുന്നുണ്ട്. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് എക്സൈസ് നേരത്തെയും വിവരശേഖരണം ആരംഭിച്ചിരുന്നു. തെളിവ് സഹിതം, സെറ്റുകളിൽ പരിശോധന നടത്താനാണ് എക്സൈസ് തീരുമാനം . അതിനിടെ താൻ ഒളിവിലല്ലെന്ന് സൂചിപ്പിച്ച് ഷൈൻ ടോം ചാക്കോ ഇൻസ്റ്റഗ്രാമിൽ സജീവമാണ്.