ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ്; കോഴിക്കോട് സ്വദേശി കോട്ടയത്ത് പിടിയിൽ
'ഇവോക്ക എഡ്യൂ ടെക്ക്' സ്ഥാപന ഉടമ രമിത്താണ് പിടിയിലായത്
Update: 2025-04-18 01:55 GMT
കോഴിക്കോട്: ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി കോട്ടയത്ത് പിടിയിൽ. 'ഇവോക്ക എഡ്യൂ ടെക്ക്' സ്ഥാപന ഉടമ രമിത്താണ് കോട്ടയം ചിങ്ങവനം പൊലീസിന്റെ പിടിയിലായത്.
വിദ്യാർഥികൾക്ക് വിവിധ കമ്പനികളിൽ ഇന്‍റേണ്‍ഷിപ്പ് നൽകുന്ന സ്ഥാപനമാണ് ഇവോക്കാ എഡ്യൂ ടെക്ക്. സ്ഥാപനത്തിന്റെ മറവിൽ പ്രതി ലക്ഷക്കണക്കിന് രൂപ വിദ്യാർഥികളിൽ നിന്നും ഇടനിലക്കാരിൽ നിന്നും കൈപ്പറ്റിയതായി ചിങ്ങവനം പൊലീസ് പറഞ്ഞു. സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പരാതിയുണ്ട്.
വിദ്യാർഥികളെ സ്ഥാപനത്തിലേക്ക് എത്തിക്കുന്ന ഇടനിലക്കാരെയാണ് രമിത്ത് പറ്റിച്ചത്. വിദ്യാർഥികളെ കിട്ടുന്നതുവരെ അവരുടെ സീറ്റ് പണം കൊടുത്ത് ബുക്ക് ചെയ്യാൻ ഇടനിലക്കാരെ പ്രേരിപ്പിക്കുകയും പിന്നീട് പണം തിരികെ നൽകാതിരിക്കുകയും ചെയ്തതായാണ് പരാതി.