വിക്രം മിസ്രിക്ക് എതിരായ സൈബറാക്രമണം സംഘ്പരിവാർ എന്താണെന്ന് ഒരിക്കൽ കൂടി അടിവരയിടുന്നു:ജോൺ ബ്രിട്ടാസ്
മോദിക്കെതിരെ പറഞ്ഞാൽ അഴിയെണ്ണേണ്ടി വരുമെന്ന് ഭയന്നത് കൊണ്ടായിരിക്കാം പ്രതിരോധിക്കാൻ കഴിയാത്ത ഒരു പാവപ്പെട്ട ഉദ്യോഗസ്ഥനെ പുലഭ്യം പറഞ്ഞു ബലിയാടാക്കാൻ തീവ്രവലതുപക്ഷം ശ്രമിക്കുന്നതെന്ന് ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.
കോഴിക്കോട്: ഇന്ത്യ-പാക് വെടിനിർത്തലിന്റെ പേരിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ നടക്കുന്ന നടക്കുന്ന സൈബറാക്രമണം സംഘ്പരിവാർ എന്താണെന്ന് ഒരിക്കൽ കൂടി അടിവരയിടുന്ന സംഭവമാണെന്ന് ജോൺ ബ്രിട്ടാണ് എംപി.
പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്താന് തിരിച്ചടി കൊടുക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. അതിന് എല്ലാ പ്രതിപക്ഷ കക്ഷികളും അകമഴിഞ്ഞ പിന്തുണ നൽകി. സർവകക്ഷി യോഗത്തിൽ സർക്കാറിന്റെയും സേനാവിഭാഗങ്ങളുടെയും നടപടികളെ പ്രതിപക്ഷം സർവ്വാത്മനാ പിന്തുണച്ചു. ഓപറേഷൻ സിന്ദൂർ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് മാറ്റാനുള്ള കാഹളമാണ് ചിലർ മുഴക്കിയത്. അതിന്റെ അപകടം തിരിച്ചറിഞ്ഞ കേന്ദ്രസർക്കാർ തന്നെ പാകിസ്താനുമായി വെടിനിർത്തലിൽ ഏർപ്പെട്ടു. നമ്മുടെ രാജ്യത്തെയും ഭരണസംവിധാനത്തെയും ചെറുതായി കാണിച്ച് ഇതിന്റെയൊക്കെ ക്രെഡിറ്റ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കൈക്കലാക്കി എന്നത് മറ്റൊരു കാര്യം.
ഈ സംഭവബഹുലമായ നടപടികളിൽ വിദേശകാര്യ സെക്രട്ടറി എന്തു പിഴച്ചു. തങ്ങളെ യുദ്ധവെറിയന്മാരാക്കി മാറ്റിയ സ്വന്തം പാർട്ടിയിലെ നേതാക്കന്മാരോടും അതിന് ഒത്താശ പാടിയ മാധ്യമങ്ങളോടുമല്ലേ ഇവർ കണക്ക് തീർക്കേണ്ടത്? മോദിക്കെതിരെ പറഞ്ഞാൽ അഴിയെണ്ണേണ്ടി വരുമെന്ന് ഭയന്നത് കൊണ്ടായിരിക്കാം പ്രതിരോധിക്കാൻ കഴിയാത്ത ഒരു പാവപ്പെട്ട ഉദ്യോഗസ്ഥനെ പുലഭ്യം പറഞ്ഞു ബലിയാടാക്കാൻ തീവ്രവലതുപക്ഷം ശ്രമിക്കുന്നത്. മാറിയ ഇന്ത്യയുടെ ഇരുണ്ട മുഖമാണ് ഇത് പുറത്തു കൊണ്ടുവരുന്നതെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്..' എന്നൊരു പഴമൊഴിയുണ്ട്. പാക്കിസ്ഥാനെ അടിച്ചു പരത്തണമെന്ന് ഉദ്ഘോഷിച്ചുകൊണ്ട് യുദ്ധവെറിയിൽ ആറാടിയിരുന്ന സംഘ്പരിവാറുക്കാർ വെടി നിർത്തലിൽ പ്രതിഷേധിച്ച് ഒരു ഉദ്യോഗസ്ഥനെതിരെ രംഗത്ത് വന്നിരിക്കുകയാണ് - വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ. ദിവസേനയുള്ള പത്രസമ്മേളനത്തിന് സർക്കാരിന്റെ നയം പറയാൻ നിയോഗിക്കപ്പെട്ടു എന്ന ഒറ്റ കാരണത്താലാണ് വിദ്വേഷവും വെറുപ്പും മിസ്രിക്കെതിരെ ഒഴുകുന്നത്. വഞ്ചകനെന്നും രാജ്യദ്രോഹിയെന്നും മുദ്രകുത്തി കുടുംബാംഗങ്ങളെ പോലും വലിച്ചിഴച്ച് സംഘ്പരിവാർ ഹാൻഡിലുകൾ നടത്തിയ കിരാത പ്രകടനത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിക്ക് തന്റെ എക്സ് അക്കൗണ്ട് (ട്വിറ്റർ) പൂട്ടിവെക്കേണ്ടി വന്നു. സംഘ്പരിവാർ എന്താണെന്ന് ഒരിക്കൽ കൂടി അടിവരയിട്ട സംഭവമാണിത്.
പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് തിരിച്ചടി കൊടുക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. അതിന് എല്ലാ പ്രതിപക്ഷ കക്ഷികളും അകമഴിഞ്ഞ പിന്തുണ നൽകി. സർവകക്ഷി യോഗത്തിൽ സർക്കാറിന്റെയും സേനാവിഭാഗങ്ങളുടെയും നടപടികളെ പ്രതിപക്ഷം സർവ്വാത്മനാ പിന്തുണച്ചു. ഓപ്പറേഷൻ സിന്ദൂർ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് മാറ്റാനുള്ള കാഹളമാണ് ചിലർ മുഴക്കിയത്. അതിന്റെ അപകടം തിരിച്ചറിഞ്ഞ കേന്ദ്രസർക്കാർ തന്നെ പാകിസ്ഥാനുമായി വെടിനിർത്തലിൽ ഏർപ്പെട്ടു. നമ്മുടെ രാജ്യത്തെയും ഭരണസ സംവിധാനത്തെയും ചെറുതായി കാണിച്ച് ഇതിന്റെയൊക്കെ ക്രെഡിറ്റ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കൈക്കലാക്കി എന്നത് മറ്റൊരു കാര്യം. ഈ സംഭവബഹുലമായ നടപടികളിൽ വിദേശകാര്യ സെക്രട്ടറി എന്തു പിഴച്ചു.
തങ്ങളെ യുദ്ധവെറിയന്മാരാക്കിമാറ്റിയ സ്വന്തം പാർട്ടിയിലെ നേതാക്കന്മാരോടും അതിന് ഒത്താശ പാടിയ മാധ്യമങ്ങളോടുമല്ലേ ഇവർ കണക്ക് തീർക്കേണ്ടത്? മോദിക്കെതിരെ പറഞ്ഞാൽ അഴിയെണ്ണേണ്ടി വരുമെന്ന് ഭയന്നത് കൊണ്ടായിരിക്കാം പ്രതിരോധിക്കാൻ കഴിയാത്ത ഒരു പാവപ്പെട്ട ഉദ്യോഗസ്ഥനെ പുലഭ്യം പറഞ്ഞു ബലിയാടാക്കാൻ തീവ്രവലതുപക്ഷം ശ്രമിക്കുന്നത്.മാറിയ ഇന്ത്യയുടെ ഇരുണ്ട മുഖമാണ് ഇത് പുറത്തു കൊണ്ടുവരുന്നത്.