ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ പ്ലാറ്റ്‌ഫോമിൽ കിടന്നു മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ പൊലീസിനും റെയിൽവേയ്ക്കും നിർദേശം

Update: 2025-10-09 01:14 GMT
Editor : Lissy P | By : Web Desk

തൃശൂര്‍: ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊലീസിനും റെയിൽവേക്കും നിർദേശം നൽകി. കമ്മീഷൻ അംഗം വി. ഗീതയാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണരോടും സതേൺ റെയിൽവേ ഡിവിഷണൽ മാനേജരോടുമാണ് റിപ്പോർട്ട് തേടിയിട്ടുള്ളത്. തിങ്കളാഴ്ച പുലർച്ചയാണ് ആംബുലൻസ് കിട്ടാതെ അരമണിക്കൂറോളം  മുളങ്കുന്നത്തുകാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ ചാലക്കുടി സ്വദേശിയായ ആദിവാസി യുവാവ്  ശ്രീജിത്തിന് കിടക്കേണ്ടിവന്നത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശ്രീജിത്ത് മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ശ്രീജിത്ത് മരിച്ചത്. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടും ആംബുലൻസ് കിട്ടാതെ 25 മിനിറ്റോളം പ്ലാറ്റ്ഫോമിൽ കിടന്നു എന്നാണ് ആക്ഷേപം

Advertising
Advertising

അതിനിടെ, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവെ പൊലീസ് അറിയിച്ചിരുന്നു. . തൃശൂർ റെയിൽവെ പൊലീസിന് റെയിൽവേ എസ്പി ഷഹിൻഷാ വിശദമായ അന്വേഷണത്തിന് നിർദേശം നൽകി . ശ്രീജിത്തിന്‍റെ സഹയാത്രികരുടെയും ടിടിഇമാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും മൊഴിയെടുക്കും .

അതേസമയം, യുവാവിന് ചികിത്സ വൈകിയതിൽ വിശദീകരണവുമായി ദക്ഷിണ റെയിൽവെ രംഗത്തെത്തിയിരുന്നു.  ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായില്ലെന്നാണ് റെയിൽവെയുടെ വിശദീകരണം. തൃശൂർ സ്റ്റേഷനിൽ ആംബുലൻസ് എത്താൻ ക്രമീകരണം നടത്തിയിരുന്നു. യാത്രക്കാർ ബഹളം ഉണ്ടാക്കിയത് തടസ്സങ്ങൾ ഉണ്ടാക്കി. പരിമിതമായ റോഡ് സൗകര്യം മൂലമാണ് ആംബുലൻസ് സ്റ്റേഷനിൽ വൈകിയെത്തിയതെന്നും റെയിൽവെയുടെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 

റെയിൽവെയുടെ വാദം തള്ളി ശ്രീജിത്തിന്‍റെ കുടുംബം രംഗത്തുവന്നിരുന്നു. മുളങ്കുന്നത്തുകാവിലേക്ക് ആംബുലൻസ് എത്താൻ 10 മിനിറ്റ് പോലും വേണ്ട, ട്രെയിനിൽ ഒരു ഡോക്ടർ ശ്രീജിത്തിന്‍റെ ഗുരുതരാവസ്ഥ എല്ലാവരോടും പറഞ്ഞതാണ്. ശ്രീജിത്തിന് നീതി ലഭിക്കുണമെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കുടുംബം പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News