Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി : കാലിക്കറ്റ് സർവകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കെഎസ്‌യു സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എ ഗ്രൂപ്പും കെ.സി ഗ്രൂപ്പും തമ്മില്‍ ഏറ്റുമുട്ടി. പ്രസിഡണ്ട് അലോഷ്യസ് സേവ്യറിനെ എ ഗ്രൂപ്പും വി.ഡി സതീശനെ പിന്തുണക്കുന്നവരും രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു.
കാലിക്കറ്റില്‍ എംഎസ്എഫ് സഖ്യം ഫലപ്രദമായി പ്രാവർത്തികമാക്കുന്നതില്‍ അലോഷ്യസ് സേവ്യർ പരാജയപ്പെട്ടുവെന്നായിരുന്നു വിമർശനം.
ഇത്തവണ ചെയർമാന്‍ സ്ഥാനം നല്‍കാമെന്ന് കഴിഞ്ഞതവണത്തെ സഖ്യ ചർച്ചയില്‍ ഷാഫി പറമ്പില്‍ വാഗ്ദാനം നല്‍കി. വാഗ്ദാനം പാലിക്കാതെ ഷാഫി വഞ്ചന നടത്തിയെന്നും എംഎസ്എഫ് പ്രചരിപ്പിച്ചു. ഈ പ്രചാരണം അലോഷ്യസ് സേവ്യർ കണ്ടില്ലെന്ന് നടിച്ചെന്നും എ ഗ്രൂപ്പ് നേതാക്കള്‍ വിമർശിച്ചു.
ഷാഫിയുടെ സ്റ്റാഫ് അംഗം കൂടിയായ അജാസ് കുഴല്‍മന്ദം, ജെസ്വിന്‍, മുബാസ് ഓടക്കാലി തുടങ്ങിയവരാണ് വിമർശനം ഉന്നയിച്ചത്. ഷാഫി പറമ്പില്‍ എംഎസ്എഫിന് ചെയർമാന്‍ സ്ഥാനം വാഗ്ദാനം ചെയ്ത കാര്യം തന്നെയോ കെഎസ്‌യുവിനെയോ അറിയിച്ചിട്ടില്ലെന്ന് അലോഷ്യസ് സേവ്യർ മറുപടി നല്‍കി. തനിക്ക് അറിയാത്ത ഒരു കാര്യത്തെ കുറിച്ച് താന്‍ എന്ത് പറയാനാണെന്നും അലോഷ്യസ് മറുപടി നല്‍കി.
അലോഷ്യസിനെ പിന്തുണച്ച് കെ.സി പക്ഷത്തെ അനീഷ് ആന്‍റണി അടക്കമുള്ളവർ രംഗത്ത് വന്നതോടെ യോഗം ബഹളത്തില്‍ മുങ്ങി. പോർവിളി കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോള്‍ മറ്റുള്ളവർ ചേർന്ന് പിടിച്ചുമാറ്റി. കാലിക്കറ്റ് സർവകാശാലയില്‍ എംഎസ്എഫുമായി ചേർന്ന് പോകാനും ചെയർമാന്‍ സ്ഥാനം എംഎസ്എഫിന് വിട്ടു കൊടുക്കാനും യോഗത്തില്‍ ധാരണയായി. കെപിസിസി പ്രസിഡണ്ടിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും കൂടി അനുമതി വാങ്ങിയ ശേഷം വൈകാതെ വാർത്താക്കുറിപ്പിറക്കാനും ധാരണയായി.
പതിനാല് ദിവസത്തിനിടെ രണ്ട് പഠിപ്പ്മുടക്ക് നടത്തിയത് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന നടപടിയാണെന്ന ചർച്ച യോഗത്തിലുണ്ടായി.
അത്യാവശ്യഘട്ടത്തില്‍ ജില്ലാ തലം വരെ മാത്രമേ പഠിപ്പ് മുടക്കാവൂ എന്ന ധാരണ യോഗത്തിലുണ്ടായി. അസാധാരണ സാഹചര്യത്തില്‍ മാത്രം സംസ്ഥാന പഠിപ്പ് മുടക്ക് നടത്തിയാല്‍ മതിയെന്നും തീരുമാനിച്ചു.