കമൽഹാസൻ ഇനി രാജ്യസഭാ എംപി; തമിഴിൽ സത്യപ്രതിജ്ഞ

രാജ്യസഭാ പ്രവേശനം കമലിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്

Update: 2025-07-25 06:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡൽഹി: നടനും മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനുമായ കമൽഹാസൻ വെള്ളിയാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് പാർലമെന്‍റിൽ അരങ്ങേറ്റം കുറിച്ചു. തമിഴിലായിരുന്നു താരത്തിന്‍റെ സത്യപ്രതിജ്ഞ. പാര്‍ലമെന്‍റ് അംഗങ്ങൾ ഉച്ചത്തിലുള്ള കയ്യടിയോടെയാണ് ഇതിനെ സ്വീകരിച്ചത്.

രാജ്യസഭാ പ്രവേശനം കമലിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും മക്കൾ നീതി മയ്യം വിട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നൽകിയത്. പാർലമെന്‍റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമൽഹാസൻ പറഞ്ഞു. നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 6 ന് തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ കമൽഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം എത്തിയത്. ജൂൺ 12 ന് കമൽഹാസനും മറ്റ് അഞ്ച് പേരും തമിഴ്‌നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ സെക്രട്ടേറിയറ്റിൽ റിട്ടേണിംഗ് ഓഫീസർ സുബ്രഹ്മണി തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റുകൾ കൈമാറി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News