'നിറത്തിന്‍റെ പേരിലും പാചകത്തിന്‍റെ പേരിലും ഭാര്യയെ പരിഹസിക്കുന്നത് ആത്മഹത്യ പ്രേരണയാകില്ല'; 30 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി
ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജയിലിലടച്ച ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം
മുംബൈ: നിറത്തിന്‍റെ പേരിൽ ഭാര്യയെ പരിഹസിക്കുന്നത് ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജയിലിലടച്ച ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. 30 വര്‍ഷത്തിന് ശേഷമാണ് പ്രതിയെ വെറുതെ വിടുന്നത്.
22കാരിയായ പ്രേമ എന്ന യുവതിയുടെ മരണശേഷം ആത്മഹത്യാ പ്രേരണ (സെക്ഷൻ 306), ക്രൂരത (സെക്ഷൻ 498-എ) എന്നീ കുറ്റങ്ങൾക്ക് 1998-ൽ സെഷൻസ് കോടതി ശിക്ഷിച്ച സതാര ജില്ലയിൽ സദാശിവ് രൂപ്‌നാവർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എസ് എം മോദക് ആണ് വിധി പ്രസ്താവിച്ചത്. 1995 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രേമ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ രൂപ്നാവറിനും പിതാവിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും പീഡനമാണ് പ്രേമയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസെടുത്തത്. ഭർത്താവും ബന്ധുക്കളും തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് മരിക്കുന്നതിന് മുമ്പ് പ്രേമ മാതാപിതാക്കളോട് പറഞ്ഞിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പ്രേമയെ നിറത്തിന്‍റെ പേരിൽ സദാശിവ് പരിഹസിക്കുകയും ഇഷ്ടമല്ലെന്നും പറയുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പാചകം നന്നായില്ലെന്ന് പറഞ്ഞ് ഭര്‍തൃപിതാവും വിമര്‍ശിച്ചിരുന്നതായി പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ ഈ സംഭവങ്ങൾ ക്രിമിനൽ കുറ്റമല്ലെന്നും മറിച്ച് ഗാർഹിക കലഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കുടുംബത്തിനുള്ളിൽ പിരിമുറുക്കവും അഭിപ്രായവ്യത്യാസങ്ങളും ഉള്ളതായി തെളിവുകൾ ഉണ്ടെങ്കിലും, ക്രൂരതയോ ആത്മഹത്യാ പ്രേരണയോ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും ചൂണ്ടിക്കാട്ടി.