മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു
ഉള്ളാളിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
Update: 2025-07-25 15:55 GMT
മംഗളൂരു: മടിക്കേരി താലൂക്കിലെ കൊയനാടിനടുത്ത് മണി-മൈസൂരു ദേശീയപാതയിൽ വെള്ളിയാഴ്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾ കൊല്ലപ്പെട്ടു. കുടക് ജില്ലയിലെ ഗോണിക്കോപ്പൽ സ്വദേശികളായ കെ.നിഹാദ് (28) സി.റിഷാൻ (30), എം. റാഷിബ് (32), എന്നിവരും തിരിച്ചറിയാത്ത മറ്റൊരു യുവാവുമാണ് മരിച്ചത്.
ഉള്ളാളിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. കൂട്ടിയിടിയുടെ ആഘാതം വളരെ ഗുരുതരമായതിനാൽ കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ സുള്ള്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആവശ്യമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കുടക് പൊലീസ് അപകടസ്ഥലം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.