ഛത്തീസ്ഗഡിൽ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ ബജ്‍രംഗ്ദൾ അതിക്രമം

ഇന്നലെ പുലർച്ചെയാണ് സംഭവം

Update: 2025-07-26 09:22 GMT
Editor : Jaisy Thomas | By : Web Desk
Advertising

റായ്പൂര്‍: ഛത്തീസ്ഗഡിൽ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ ബജ്‍രംഗ്ദൾ പ്രവര്‍ത്തകരുടെ അതിക്രമം.മൂന്ന് പെണ്‍കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകളെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു വച്ചാണ് അപമാനിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം.

കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലുള്ള ആശുപത്രിയിലേക്ക് ജോലിക്ക് പോകാനാണ് കന്യാസ്ത്രീകള്‍ക്കൊപ്പം പെണ്‍കുട്ടികളും യുവാവും റയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പാറ്റ്‌ഫോം ടിക്കറ്റ് പരിശോധന നടത്തിയിരുന്ന ടിടിഇ ഇവരെ തടഞ്ഞു നിര്‍ത്തി പ്രാദേശിക ബജ്‍രംഗ്ദൾ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഒരു സംഘം പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് കുതിച്ചെത്തുകയും ഇവരെ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയും മനുഷ്യക്കടത്ത് ആരോപിക്കുകയും ചെയ്തു. 19നും 22 നും ഇടയ്ക്ക് പ്രായമുള്ളവരാണ് പെണ്‍കുട്ടികള്‍. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതെന്ന് പെണ്‍കുട്ടികള്‍ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ കേള്‍ക്കാന്‍ തയ്യാറായില്ല.

മുഖ്യമന്ത്രിയോ ഛത്തീസ്ഗഢിലെ ഭരണകക്ഷിയോ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും പണിമുടക്കുകളും നടത്തുമെന്ന് ബജ്‍രംഗ്ദൾ പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചു. മൂന്ന് യുവതികളും നിലവിൽ ദുർഗിലെ വനിതാ ക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. പെൺകുട്ടികളുടെ മാതാപിതാക്കൾ അവരുടെ ആധാർ കാർഡുകളുടെ പകർപ്പുകൾ സഹിതം രേഖാമൂലമുള്ള സമ്മതപത്രം നൽകിയിരുന്നു. അതിൽ കന്യാസ്ത്രീകളുടെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്നതായി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും അക്രമികൾ ശ്രദ്ധിച്ചില്ല.

പെൺകുട്ടികളുടെ മാതാപിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടതായും പെൺമക്കൾ സ്വമേധയാ ജോലിക്ക് പോയതാണെന്നും മുൻപും പോയിട്ടുണ്ടെന്നും അവർ സ്ഥിരീകരിച്ചതായും ഛത്തീസ്ഗഡിൽ ജോലി ചെയ്യുന്ന പുരോഹിതൻ കാത്തലിക് കണക്റ്റിനോട് പറഞ്ഞു.എന്നിരുന്നാലും, മാതാപിതാക്കളുടെ സ്ഥിരീകരണത്തിനു ശേഷവും രാഷ്ട്രീയ സ്വാധീനം കാരണം പെൺകുട്ടികളെ പോകാൻ അധികൃതർ അനുവദിച്ചില്ല. പെൺകുട്ടികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും ഗ്രാമത്തലവനും ഉടൻ ദുര്‍ഗിലേക്ക് പോകുമെന്നാമ് റിപ്പോര്‍ട്ട്. സമുദായ നേതാക്കളും സഭാ പ്രതിനിധികളും സംഭവത്തെ അപലപിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News