Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദത്തിലേക്ക് സമവായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യാ മുന്നണി നീക്കം. പ്രതിപക്ഷം ഭിന്നിച്ചില്ലെന്ന് ബോധ്യപ്പെടുത്തുക ലക്ഷ്യം. പ്രതിപക്ഷ എംപിമാരുടെ എണ്ണം വര്‍ധിച്ചതിനാല്‍ കടുത്ത മത്സരം നടക്കും.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്ലെങ്കില്‍ പോലും കോണ്‍ഗ്രസിന്റെ സഖ്യ കക്ഷികള്‍ പറയുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യാ സഖ്യം തയ്യാറാണ്. അതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനകള്‍ തന്നെയാണ് നടക്കുന്നത്.
ഉപരാഷ്ട്രപതി പദത്തിലേക്ക് NDA സ്ഥാനാർഥിയെതീരുമാനിച്ച ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് ഇൻഡ്യാ സഖ്യത്തിൻ്റെ നീക്കം. മാലദ്വീപിൽ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിക്കുന്ന യോഗത്തിലായിരിക്കും NDA സ്ഥാനാർഥിയെ തീരുമാനിക്കുക
കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏകപക്ഷീയമായി മാർഗരറ്റ് ആൽവയുടെ പേരാണ് നിർദേശിച്ചത്. ഇതോടെ പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാർട്ടിയായ ടി എം സിയുടെ വോട്ട് പോലും ലഭിച്ചില്ല. ആം ആദ്മി പാർട്ടിയും കഴിഞ്ഞ തവണ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നിരുന്നു. 55 പ്രതിപക്ഷ mp മാർ വോട്ടെടുപ്പിൽ നിന്നും മാറി നിന്നതോടെ 346വോട്ട് നേടിയാണ് ജഗദീപ് ധൻഗഡ് വിജയിച്ചത്.
പ്രതിപക്ഷ എംപിമാരുടെ എണ്ണം വർധിച്ചതിനാൽ മത്സരം കടുക്കും. പ്രതിപക്ഷ സ്ഥാനാർഥിക്ക് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രതിപക്ഷ നിര ഭിന്നിച്ചില്ല എന്നെങ്കിലും പാർലമെന്റിൽ ബോധ്യപ്പെടുത്താനാണ് ഇൻഡ്യാ സഖ്യത്തിൻ്റെ നീക്കം.ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ,പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ പേരും ഉയരുന്നുണ്ട്. അദ്ദേഹം നേതൃത്വത്തെ വിമുഖത അറിയിച്ചതായിട്ടാണ് വിവരം.ബീഹാറിൽ നിന്നുള്ള കേന്ദ്രസഹമന്ത്രിയും ജെഡിയു നേതാവുമായ രാംനാഥ്താക്കൂറിൻ്റെ പേരും NDA പരിഗണനയിലുണ്ട്.
ഉപരാഷ്ട്രപതി അനാരോഗ്യം കാരണമാണ് രാജിവെച്ചത് എന്ന് പറയുമ്പോഴും ആ ദിവസം 45 മിനിറ്റ് സഭ നിയന്ത്രിച്ചിരുന്നു. ഇത് കൂടാതെ തൊട്ടടുത്ത ദിവസങ്ങളില്‍ നിരവധി പരിപാടികള്‍ അദ്ദേഹം ഷെഡ്യൂള്‍ ചെയ്തിരുന്നു.
അതിനാല്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ രാജി സംഭവിച്ചത് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. കൂടാതെ ജഗ്ദീപ് ധന്‍ഘഡിന് ഒരു യാത്ര അയപ്പ് പോലും നല്‍കിയില്ലെന്നതുമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.