അസമിൽ കുടിയിറക്കപ്പെട്ടവരെ സന്ദർശിച്ച് മുസ്‌ലിം ലീഗ് പ്രതിനിധിസംഘം; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
ദേശീയ സെക്രട്ടറി സി.കെ സുബൈർ, അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി തൗസീഫ ഹുസൈൻ, എംഎസ്എഫ് ദേശീയ സെക്രട്ടറി ദഹറുദ്ദീൻ ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഗുവാഹതി: അസാമിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മുസ്‌ലിം ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദർശിച്ചു. ദേശീയ സെക്രട്ടറി സി.കെ സുബൈർ, അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി തൗസീഫ ഹുസൈൻ, എംഎസ്എഫ് ദേശീയ സെക്രട്ടറി ദഹറുദ്ദീൻ ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ദുബ്‌റി, ഗോൽപാറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്. സർക്കാർ ഭൂമി കയ്യേറ്റം പറഞ്ഞ് 4000 കുടുംബങ്ങളെയാണ് ബിജെപിയുടെ ഹിമന്ത് ബിശ്വ ശർമ സർക്കാർ പുറത്താക്കിയിരിക്കുന്നത്. പകരം സർക്കാർ കൊടുക്കുമെന്ന് പറഞ്ഞ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ല. വംശീയമായ തുടച്ചുനീക്കലിന്റെ സ്വഭാവം ഈ നടപടിക്കുണ്ടെന്ന് ലീഗ് സംഘം ആരോപിച്ചു.
സ്വാതന്ത്ര്യത്തിനു മുമ്പ് അസമിൽ വന്നു താമസിച്ചവരെയാണ് വിദേശ മുദ്രകുത്തി തുടച്ചുനീക്കാൻ സർക്കാർ പദ്ധതിയിടുന്നത്. കോർപ്പറേറ്റ് ഭീമന്മാർക്ക് ഭൂമി പതിച്ചു നൽകാനുള്ള അജണ്ടയും ഇതിന്റെ പിന്നിലുണ്ടെന്ന് പ്രതിനിധി സംഘം പറഞ്ഞു. ലീഗ് പ്രതിനിധി സംഘത്തെ ഉന്നത പലയിടങ്ങളിൽ ഡിഎസ്പി അംബരീഷ് ശർമയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. വിവിധ ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതൊരു സാമുദായിക പ്രശ്‌നമല്ല, പാർപ്പിട സംബന്ധമായ രേഖകളുടെ സാധാരണ വിഷയമാണെന്നാണ് അധികൃതരുടെ പക്ഷം. പിന്നെ എന്തുകൊണ്ട് ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യംവെക്കുന്നത് എന്നാണ് ലീഗ് പ്രതിനിധി സംഘം അധികൃതരോട് ചോദിച്ചത്.
വിഷയത്തിൽ നിയമ പോരാട്ടം നടത്താൻ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് തീരുമാനിച്ചു. അനധികൃത കുടിയേറ്റമെന്ന ആരോപണത്തെ സുപ്രിംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ വസതിയിൽ ഇത് സംബന്ധമായ ആലോചന നടത്തി നിയമപോരാട്ടത്തിലേക്ക് പാർട്ടി കടക്കും.