മാധ്യമപ്രവര്‍ത്തക പെൻഷൻ 15000 രൂപയായി ഉയര്‍ത്തി; ബിഹാറിൽ വീണ്ടും വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

മാധ്യമ പ്രവർത്തകർ മരിച്ചാൽ ആശ്രിതർക്ക് 10,000 രൂപ പ്രതിമാസം നൽകും

Update: 2025-07-26 05:16 GMT
Editor : Jaisy Thomas | By : Web Desk
Advertising

പറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ബിഹാറിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സാമൂഹ്യക്ഷേമ പെൻഷൻ 1100 ആക്കിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക പെൻഷനും വര്‍ധിപ്പിച്ചു. 6000 രൂപ ആയിരുന്ന പെൻഷൻ 15000 രൂപയാക്കി ഉയർത്തി . മാധ്യമ പ്രവർത്തകർ മരിച്ചാൽ ആശ്രിതർക്ക് 10,000 രൂപ പ്രതിമാസം നൽകും .നേരത്തെ ഇത് 3,000 ആയിരുന്നു.

"ബിഹാർ പത്രകാർ സമ്മാൻ പെൻഷൻ പദ്ധതി പ്രകാരം, യോഗ്യരായ എല്ലാ പത്രപ്രവർത്തകർക്കും ₹6,000 ന് പകരം ₹15,000 പ്രതിമാസ പെൻഷൻ നൽകാൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്." നിതീഷ് എക്സിൽ കുറിച്ചു. കൂടാതെ, 'ബിഹാർ പത്രകാർ സമ്മാൻ പെൻഷൻ പദ്ധതി' പ്രകാരം പെൻഷൻ സ്വീകരിക്കുന്ന മാധ്യമപ്രവർത്തകർ മരിച്ചാൽ, അവരുടെ ആശ്രിത പങ്കാളിക്ക് ജീവിതകാലം മുഴുവൻ ₹3,000 ന് പകരം ₹10,000 പ്രതിമാസ പെൻഷൻ നൽകാനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ജനാധിപത്യത്തിൽ മാധ്യമപ്രവർത്തകർ നിർണായക പങ്ക് വഹിക്കുന്നു. ജനാധിപത്യത്തിന്‍റെ നാലാം തൂണാണ് അവർ. സാമൂഹിക വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. പത്രപ്രവർത്തകർക്ക് നിഷ്പക്ഷമായി പത്രപ്രവർത്തനം നടത്താനും വിരമിച്ചതിന് ശേഷം അന്തസ്സോടെ ജീവിക്കാനും കഴിയുന്ന തരത്തിൽ തുടക്കം മുതൽ തന്നെ അവരുടെ സൗകര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചുവരുന്നു," നിതീഷ് പറഞ്ഞു.

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കണം (SIR) രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച സമയത്താണ് നിതീഷിന്‍റെ പ്രഖ്യാപനം. വോട്ടര്‍ പട്ടികയിലെ തീവ്ര പരിശോധനയില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇന്നലെ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. വോട്ടര്‍ പട്ടികയിലെ പരിശോധനയുടെ ചുരുക്കപേരായ SIR എന്നെഴുതിയ ബോര്‍ഡ് കീറി ചവറ്റു കുട്ടയിലിട്ട ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റിനു പുറത്തെ സമരം ഇന്നാരംഭിച്ചത്.

ലക്ഷക്കണക്കിന് ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കുന്ന തീവ്ര പരിശോധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് വളപ്പിലും സമരം നടത്തി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News