ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ; എസ്‌ഐടി അന്വേഷണം തുടങ്ങി

എസ്‌ഐടി പ്രവർത്തനങ്ങൾക്ക് ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച പൊലീസ് റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലാണ് സംവിധാനങ്ങൾ ഒരുക്കുന്നത്.

Update: 2025-07-25 16:04 GMT
Advertising

മംഗളൂരു:ധർമസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബെൽത്തങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സംഘം വെള്ളിയാഴ്ച വൈകിട്ട് മംഗളൂരുവിൽ എത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. ഡിഐജി എം.എൻ അനുചേത്, വെസ്റ്റേൺ റേഞ്ച് ഐജി അമിത് സിങ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. എസ്‌ഐടി പ്രവർത്തനങ്ങൾക്ക് ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച പൊലീസ് റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലാണ് സംവിധാനങ്ങൾ ഒരുക്കുന്നത്.

കെട്ടിടം ഇതുവരെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ലെങ്കിലും മതിയായ സ്ഥലവും പൊലീസ് സ്റ്റേഷൻ സാമീപ്യവും അന്വേഷണ ആവശ്യങ്ങൾക്ക് സൗകര്യവും സുരക്ഷയും അനുയോജ്യമാണെന്ന് കണക്കാക്കുന്നു. നേരത്തെ മംഗളൂരുവിൽ എസ്ഐടി ഓഫീസ് നിർദേശിക്കപ്പെട്ടിരുന്നെങ്കിലും, ധർമസ്ഥലയിൽ നിന്നുള്ള 75 കിലോമീറ്റർ ദൂരം അന്വേഷണത്തിന്റെ വേഗതക്കും കാര്യക്ഷമതക്കും തടസ്സമാവുമെന്ന അഭിപ്രായം ഉയർന്നു. ഇതേതുടർന്നാണ് എസ്ഐടിയുടെ പ്രവർത്തനം ബെൽത്തങ്ങാടിയിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.

ഈ മാസം 19നാണ് കർണാടക സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ) പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപവത്കരിച്ചത്. ഡിഐജി (റിക്രൂട്ട്മെന്റ് ഡിവിഷൻ) എം.എൻ അനുചേത്, ഡിസിപി (സിഎആർ സെൻട്രൽ) സൗമ്യ ലത, എസ്പി (ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ) ജിതേന്ദ്ര കുമാർ ദയാമ എന്നിവരാണ് മറ്റ് പ്രധാന അംഗങ്ങൾ. ഇതിൽ സൗമ്യലത പിന്മാറിയിരുന്നു. ദക്ഷിണ കന്നട, ഉത്തര കന്നട, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിലെ 20 പൊലീസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്‌ഐടി വിപുലീകരിച്ചിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News