കഴുത്തറുത്ത് പ്ലാസ്റ്റിക് വയറുകളാൽ ബന്ധിച്ച നിലയിൽ; അമിതാഭ്ബച്ചനൊപ്പം സിനിമയിൽ അഭിനയിച്ച യുവതാരം കൊല്ലപ്പെട്ടു
നടന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
മുംബൈ: അമിതാഭ് ബച്ചനൊപ്പം 'ജുന്ദ്' സിനിമയിൽ അഭിനയിച്ച യുവതാരം ബാബു രവി സിങ് ഛേത്രി കൊല്ലപ്പെട്ടു. പ്രിയാൻഷു താക്കൂർ എന്ന അറിയപ്പെടുന്ന ബാബു രവിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ തുടർന്ന് സുഹൃത്ത് ധ്രുവ് ലാൽ ബഹദൂർ സഹു (20) കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ജരിപട്ക പൊലീസിൻറെ കസ്റ്റഡിയിലാണ്.
പ്രിയാൻഷുവും ധ്രുവും ബുധനാഴ്ച പുലർച്ചെ മദ്യപിക്കാനായി നാരി പ്രദേശത്തെ ആൾത്താമസമില്ലാത്ത വീട്ടിലെത്തിയിരുന്നു. അവിടെ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ധ്രുവിനെ പ്രിയാൻഷു ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പ്രിയാൻഷു ഉറങ്ങുകയും ചെയ്തു. എന്നാൽ തന്നെ പ്രിയാൻഷു എന്തെങ്കിലും ചെയ്യുമെന്ന് ഭയന്ന ധ്രുവ് പ്രിയാൻഷുവിനെ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി മുഖം പാറക്കല്ല് കൊണ്ട് അടിച്ച് വികൃതമാക്കുകയായിരുന്നു.
സംഭവം നടന്ന് പിറ്റേന്ന് നാട്ടുകാരാണ് പ്രിയാൻഷുവിനെ പ്രദേശത്ത് കണ്ടെത്തിയത്. അർധനഗ്നനായി പ്ലാസ്റ്റിക് വയറുകളാൽ ബന്ധിയാക്കപ്പെട്ട നിലയിലായിരുന്നു പ്രിയാൻഷു. നാട്ടുകാർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അതേസമയം ധ്രുവ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രിയാൻഷുവിനെതിരെയും കേസുകളുള്ളതായാണ് വിവരം. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ തുടർന്ന് ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അമിതാഭ് ബച്ചൻ അഭിനയിച്ച 'ജുന്ദ്' എന്ന ചിത്രത്തിലാണ് ബാബു രവി അഭിനയിച്ചിട്ടുള്ളത്. നാഗ്രാജ് മഞ്ജുളെ സംവിധാനം ചെയ്ത ചിത്രം നാഗ്പൂരിലെ ചേരികളിൽ നിന്നുള്ള കുട്ടികളെ ഉൾപ്പെടുത്തി ഫുട്ബോൾ ടീം രൂപീകരിച്ച വിജയ് ബർസെയുടെ ജീവിത കഥ പറയുന്ന സിനിമയാണ്.