ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്‍റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ; പൊള്ളലിൽ മുളകുപൊടിയും വിതറി
ഒക്ടോബര്‍ 2ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം
ഡൽഹി: നാല് വയസുകാരിയായ മകൾക്കൊപ്പം ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്‍റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. പൊള്ളലേറ്റ ഭാഗത്ത് യുവതി മുളകുപൊടിയും വിതറി. ഡൽഹി മദൻഗീറിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. 20 ശതമാനം പൊള്ളലേറ്റ യുവാവ് ഭർത്താവ് ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന ദിനേശ് കുമാറിന് നേരെയായിരുന്നു ഭാര്യയുടെ അതിക്രമം. പൊള്ളലേറ്റയുടൻ മദൻ മോഹൻ മാളവ്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബര്‍ 2ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ദിനേശ് അത്താഴം കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. ഈ സമയം ഭാര്യയും മകളും തൊട്ടടുത്തുണ്ടായിരുന്നു. പുലര്‍ച്ചെ ശരീരത്തിൽ പൊള്ളൽ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദനയോടെ ഞെട്ടിയെഴുന്നേറ്റപ്പോൾ ഭാര്യ തിളച്ച എണ്ണയുമായി നിൽക്കുന്നതാണ് കണ്ടതെന്ന് ദിനേശ് പറയുന്നു.
എഴുന്നേൽക്കാനോ സഹായത്തിനായി നിലവിളിക്കാനോ കഴിയുന്നതിന് മുൻപ് ഭാര്യ തന്‍റെ പൊള്ളലേറ്റ ഭാഗത്ത് മുളകുപൊടി വിതറിയതായും ദിനേശ് പറഞ്ഞു. നിലവിളിച്ചാൽ കൂടുതൽ എണ്ണ ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും അയാൾ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ദിനേശ് വീണ്ടും നിലവിളിച്ചു. ബഹളം കേട്ട അയല്‍വാസികളും താഴത്തെ നിലയില്‍ താമസിച്ചിരുന്ന വീട്ടുടമസ്ഥന്റെ കുടുംബവും വീട്ടിലേയ്ക്ക് ഓടിയെത്തി. എന്താണ് സംഭവിക്കുന്നത് നോക്കാന്‍ മുകളിലെത്തി. എന്നാല്‍ വാതില്‍ പൂട്ടിയിരുന്നു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറന്നപ്പോള്‍ അയാള്‍ വേദന കൊണ്ട് പുളയുന്നതാണ് കണ്ടത്, വീട്ടുടമസ്ഥന്റെ മകള്‍ അഞ്ജലി പറഞ്ഞു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് ആ സ്ത്രീ ദിനേശിനൊപ്പം പുറത്തേയ്ക്കിറങ്ങുകയും മറ്റൊരു ഭാഗത്തേയ്ക്ക് പോകാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ എന്റെ അച്ഛന്‍ അവളെ തടഞ്ഞുവെച്ചു. ദിനേശിനെ ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെന്ന് അഞ്ജലി വിശദീകരിച്ചു.
ദിനേശിന്‍റെ വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഭാര്യ ദിനേശിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ദിനേശിന്റെ ഭാര്യക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 118, 124, 326 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.