ബിഗ് ബോസ് തുടരണം,അടച്ചുപൂട്ടിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ഡി.കെ ശിവകുമാർ

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ബിഗ് ബോസ് സ്റ്റുഡിയോ അടച്ചു പൂട്ടിയത്

Update: 2025-10-09 09:59 GMT

ബംഗളൂരു: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ ബിഗ് ബോസ് കന്നഡയുടെ ആതിഥേയത്വം വഹിക്കുന്ന വെൽസ് സ്റ്റുഡിയോക്ക് വേണ്ടി ശക്തമായ നിലപാടുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ബിഗ് ബോസ് മാത്രമല്ല, എല്ലാ വിനോദ പരിപാടികളും സംസ്ഥാനത്ത് തുടരണം. ഈ വിനോദ പരപാടികളെല്ലാം തൊഴിൽ സൃഷ്ടിക്കുന്നതിന് സഹായിക്കുന്നതാണെന്ന് ശിവകുമാർ പറഞ്ഞു.

'എന്ത് പ്രശ്നങ്ങളായാലും പരിഹരിക്കാൻ അവർക്ക് അവസരം നൽകണമെന്ന് ഞാൻ ഉപദേശിച്ചിട്ടുണ്ട്. ബിഗ് ബോസ് മാത്രമല്ല, എല്ലാ വിനോദ പരിപാടികളും തുടരണം,'എന്നാണ് ഉപമുഖ്യമന്ത്രി ബംഗളൂരുവിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിനെത്തുടർന്ന് വെൽസ് സ്റ്റുഡിയോ ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ജോളി വുഡ് സ്റ്റുഡിയോ ആന്റ് അഡ്വഞ്ചേഴ്‌സ്) സീൽ ചെയ്തിരുന്നു.

Advertising
Advertising

1974ലെ ജല മലിനീകരണ നിയന്ത്രണ നിയമം, 1981ലെ വായു മലിനീകരണ നിയന്ത്രണ നിയമം എന്നിവ പ്രകാരം സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ സമ്മതവും മറ്റുരേഖകളും നേടാതെയാണ് ഈ പരിസരം വലിയ തോതിലുള്ള വിനോദ, സ്റ്റുഡിയോ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതെന്നാണ് ബോർഡ് ഉത്തരവിൽ പറഞ്ഞത്. ബിഗ് ബോസ് ഷോ നടക്കുന്ന ജോളി വുഡ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത് താനാണെന്ന് ശിവകുമാർ പറഞ്ഞു. ദക്ഷിണ ബംഗളൂരു ജില്ലാ കമ്മീഷണറിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. തൊഴിൽ സാധ്യതകൾ പ്രധാനമാണെന്ന് താൻ പറഞ്ഞിട്ടുണ്ട്. സ്വകാര്യ വ്യക്തികൾ അവിടെ നിക്ഷേപം നടത്തിയിട്ടുണ്ട്' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കാത്തതിന് ജോളി വുഡ് സ്റ്റുഡിയോക്ക് കെഎസ്പിസിബി നോട്ടീസ് നൽകിയതായി ഉപമുഖ്യമന്ത്രി പറഞ്ഞു.'ഉദ്യോഗസ്ഥർ നിയമപരമായാണ് പ്രവർത്തിച്ചത്. മാധ്യമങ്ങളിലൂടെയാണ് ഞാൻ ഇക്കാര്യം അറിഞ്ഞതെന്ന് ഉപമുഖ്യമന്ത്രി വെളിപ്പെടുത്തി.

അതേസമയം, വെൽസ് സ്റ്റുഡിയോസ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എല്ലാ നിർദേശങ്ങളും പാലിക്കാൻ 10 ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദക്ഷിണ ബംഗളൂരു ജില്ല ഡെപ്യൂട്ടി കമ്മീഷണർ യശ്വന്ത് വി. ഗുരുക്കർ ജില്ല ആസ്ഥാനമായ രാമനഗരയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'സംഘാടകർ എന്നെ കാണുകയും എല്ലാ നിയമങ്ങളും പാലിക്കാൻ 10 ദിവസത്തെ സമയം തേടുകയും ചെയ്തു. അവരുടെ അഭ്യർഥന ഞങ്ങൾ കെഎസ്പിസിബിക്ക് അയച്ചിട്ടുണ്ട്. കെഎസ്പിസിബിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ നടപടിയെടുക്കും,' ഗുരുക്കർ കൂട്ടിച്ചേർത്തു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News