മാസത്തിൽ ഒരു ദിവസം വേതനത്തോടുകൂടിയ ആർത്തവ അവധി; സമഗ്ര നയം നടപ്പിലാക്കാനൊരുങ്ങി കർണാടക

ഇത്തരമൊരു സമഗ്ര നയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറുമെന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ്

Update: 2025-10-09 08:16 GMT

ബംഗളൂരു: 2025ലെ ആർത്തവ അവധി നയത്തിൽ ജീവനക്കാരികൾക്ക് എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ ആർത്തവ അവധി ഉൾപ്പെടുത്തി കർണാടക സർക്കാർ. തൊഴിൽ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് നയം രൂപകൽപ്പന ചെയ്യുന്നത്. പൊതു, സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ഇത് നിർബന്ധമായി പാലിക്കണമെന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് വ്യക്തമാക്കി.

സർക്കാർ ഓഫീസുകൾ, വസ്ത്ര ഫാക്ടറികൾ പോലുള്ള വിവിധ സ്വകാര്യ മേഖല വ്യവസായങ്ങൾ, മൾട്ടി നാഷണൽ കമ്പനികൾ, ഐടി, സംസ്ഥാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾ എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിലെ എല്ലാ വനിതാ ജീവനക്കാർക്കും ആർത്തവ അവധി നയം ബാധകമാകും. ഇത്തരമൊരു സമഗ്ര നയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറുമെന്നും മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.

Advertising
Advertising

2024-ൽ പ്രതിവർഷം ആറ് ആർത്തവ അവധി വാഗ്ദാനം ചെയ്തിരുന്ന പ്രാരംഭ നിർദേശത്തിൽ നിന്ന് പ്രതിവർഷം പന്ത്രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകുന്ന നിലവിലെ രീതിയിലേക്ക് നയം മാറ്റുകയായിരുന്നു. 'ആർത്തവ സമയത്ത് ഓരോ സ്ത്രീയും അനുഭവിക്കുന്ന ശാരീരിക വേദനയും മാനസിക സമ്മർദവും തനിക്കറിയാം. ഇക്കാലത്ത് സ്ത്രീകൾ എല്ലാ മേഖലകളിലുമുണ്ട്. ഈ നയം അവരിൽ ഓരോരുത്തരെയും സഹായിക്കും.

കർണാടകയുടെ ഈ നീക്കം നൂറുകണക്കിന് വസ്ത്ര ഫാക്ടറികളും ധാരാളം ഐടി കമ്പനികളും സ്ഥിതി ചെയ്യുന്ന ബംഗളൂരുവിൽ കാര്യമായ സ്വാധീനം ചെലുത്തും. നഗരത്തിൽ അഞ്ച് ലക്ഷത്തിലധികം വസ്ത്ര തൊഴിലാളികളുണ്ട്, അവരിൽ 90 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന നിരവധി സ്ത്രീകൾക്കും ഇത് ആശ്വാസമായിരിക്കും' എന്ന് ലാഡ് കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ഐടിഐ) വനിത ട്രെയിനികൾക്ക് പ്രതിമാസം രണ്ട് ദിവസത്തെ ആർത്തവ അവധി ഏർപ്പെടുത്തിയിട്ടുണ്ട്, ബീഹാറും ഒഡീഷയും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി 12 ദിവസത്തെ വാർഷിക ആർത്തവ അവധി നയം നടപ്പിലാക്കിയിട്ടുണ്ട്.


Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News