ബിഹാർ തെരഞ്ഞെടുപ്പ്: എല്‍ജെപിക്ക് 22 സീറ്റുകൾ നൽകാമെന്ന് ബിജെപി: ഇടഞ്ഞ് ചിരാഗ് പാസ്വാന്‍
സീറ്റ് വിഭജന ചർച്ചകൾ നീണ്ടുപോകുന്നതിൽ ചിരാഗ് പാസ്വാന് അതൃപ്തിയുണ്ട്. അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു
പറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്കുള്ളിൽ സീറ്റ് വിഭജനം കലങ്ങിമറിയുന്നു. കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി( റാം വിലാസ്) ഉറച്ചുനിൽക്കുമ്പോൾ ചോദിച്ചതെല്ലാം നൽകാനാവില്ലെന്ന നിലപാടാണ് ബിജെപിക്ക്.
ഒന്നാംഘട്ട വോട്ടെടുപ്പിന് 28 ദിവസങ്ങൾ ബാക്കിനിൽക്കെ, ഘടകകക്ഷികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു പ്രസിഡന്റുമായ നിതീഷ് കുമാറുമായും എല്‍ജെപിയുമായും വെവ്വേറെ ചര്‍ച്ചകളാണ് ബിജെപി നടത്തുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ ഔദ്യോഗിക വസതിയിൽ മുതിർന്ന ജെഡിയു നേതാക്കളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
അതേസമയം ചിരാഗ് പാസ്വാൻ തന്റെ പാർട്ടിയുടെ കോർ ടീമിന്റെ അടിയന്തര യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേന്ദ്രമന്ത്രിയുമായ ചിരാഗ് ഡൽഹിയിലേക്ക് പോയതിനാൽ യോഗത്തിൽ പങ്കെടുക്കുന്നില്ല. പകരം അരുൺ ഭാരതി എംപിയാണ് എല്‍ജെപിയുടെ തെരഞ്ഞെടുപ്പ് ചര്‍ച്ചാ ചുമതല വഹിക്കുന്നത്. സീറ്റ് വിഭജന ചർച്ചകൾ നീണ്ടുപോകുന്നതിൽ ചിരാഗ് പാസ്വാന് അതൃപ്തിയുണ്ട്. അദ്ദേഹം ഇന്നത് വ്യക്തമാക്കുകയും ചെയ്തു. ഇവിടെ ഇരുന്നാൽ മാത്രം പോരെന്നും മന്ത്രിയായതിനാൽ ഡൽഹിയിൽ പണിയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
36 സീറ്റുകളാണ് ചിരാഗ് ആവശ്യപ്പെടുന്നത്. എന്നാല്‍ 22 സീറ്റുകൾ മാത്രമേ ബിജെപി നല്‍കൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം 15 സീറ്റുകൾ കൂടുതൽ ആവശ്യപ്പെടുന്ന ജിതിൻ റാം മാഞ്ചിയെ അനുനയിപ്പിക്കാൻ ആകും എന്ന പ്രതീക്ഷയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിലുള്ളത്.