'ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലി'; ബിഹാറിൽ വമ്പൻ വാഗ്ദാനവുമായി തേജസ്വി യാദവ്
സര്‍ക്കാര്‍ ജോലി ഉറപ്പാക്കുന്നതിന് അധികാരമേറ്റ് 20 ദിവസത്തിനുള്ളിൽ പുതിയ നിയമം നടപ്പിലാക്കുമെന്നും തേജസ്വി
പറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ വാഗ്ദാനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. തന്‍റെ പാര്‍ട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ ഓരോ വീട്ടിലും ഒരാൾക്ക് സര്‍ക്കാര്‍ ജോലി നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സര്‍ക്കാര്‍ ജോലി ഉറപ്പാക്കുന്നതിന് അധികാരമേറ്റ് 20 ദിവസത്തിനുള്ളിൽ പുതിയ നിയമം നടപ്പിലാക്കുമെന്നും തേജസ്വി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
"ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ എല്ലാ വീട്ടിലും ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കും. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ അതിനായി ഒരു പുതിയ നിയമം കൊണ്ടുവരും, 20 മാസത്തിനുള്ളിൽ ഒരു വീട്ടിൽ പോലും സർക്കാർ ജോലിയില്ലാത്ത അവസ്ഥ ഉണ്ടാകില്ല," യാദവ് പറഞ്ഞു.
243 നിയമസഭാ സീറ്റുകളിലേക്ക് നവംബർ 6 നും നവംബർ 11 നും രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. നവംബർ 14നാണ് വോട്ടെണ്ണൽ. അന്തിമ പട്ടിക പ്രകാരം ആകെ വോട്ടർമാരുടെ എണ്ണം 7.42 കോടിയാണ്. അതേസമയം ഈ വർഷം ജൂൺ 24 വരെ 7.89 കോടി വോട്ടർമാരുണ്ടായിരുന്നു. കരട് പട്ടികയിൽ നിന്ന് 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതായും 2025 ആഗസ്ത് 1 ലെ കണക്കനുസരിച്ച് കരട് പട്ടികയിലെ വോട്ടർമാരുടെ എണ്ണം 7.24 കോടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം തേജസ്വി യാദവ് ബിഹാറിൽ രണ്ട് സീറ്റുകളിൽ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. യാദവ് കുടുംബത്തിന്‍റെ കുത്തകയായ രാഘോപൂരിൽ നിന്നും മധുബാനിയിലെ ഫുൽപരസിൽ നിന്നുമായിരിക്കും ജനവിധി തേടുക. ജെഡിയുവിന്‍റെ ഷീല കുമാരിയാണ് ഫുൽപരസിലെ സിറ്റിങ് എംഎൽഎ. കോൺഗ്രസിലെ കൃപനാഥ് പഥകിനെ 1,000 വോട്ടുകൾക്കാണ് ഷീല പരാജയപ്പെടുത്തിയത്. 2010 മുതൽ ജെഡിയുവിന്‍റെ ഉറച്ച കോട്ടയാണ് ഈ മണ്ഡലം. ഇവിടെ ജയിച്ചാൽ ഭരണകക്ഷിക്കേൽക്കുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കും.