ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ പുറത്തായത് ഭൂരിഭാഗവും മുസ്‌ലിംകളെന്ന് റിപ്പോർട്ട്

മുസ്‌ലിം പേരുള്ള വോട്ടർമാരാണ് ഇതര വിഭാഗങ്ങളെക്കാൾ ഉയർന്ന നിരക്കിൽ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്തു

Update: 2025-10-09 12:38 GMT

ന്യൂഡൽഹി: ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‌ലിംകൾ. 2025 ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ബിഹാറിൽ വോട്ടർ പട്ടിക പരിഷ്‌കരണം നടന്നത്. മുസ്‌ലിം പേരുള്ള വോട്ടർമാരാണ് ഇതര വിഭാഗങ്ങളെക്കാൾ ഉയർന്ന നിരക്കിൽ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്തു.

എസ്‌ഐആറിൽ മണ്ഡലം തിരിച്ചുള്ള ഡാറ്റ വിശകലനം ചെയ്യുമ്പോൾ സൂക്ഷ്മപരിശോധനക്കായി പട്ടികപ്പെടുത്തിയ 65,75,222 വോട്ടർമാരിൽ 24.7 ശതമാനം മുസ്‌ലിംകളായിരുന്നു. പരിശോധനക്ക് ശേഷം നീക്കം ചെയ്യപ്പെട്ട 323,000 വോട്ടർമാരിൽ 32.1 ശതമാനവും മുസ്‌ലിംകളാണ്.

Advertising
Advertising

സംസ്ഥാനത്തെ സീമാഞ്ചൽ മേഖലയിലാണ് ഈ അസമത്വം കൂടുതൽ പ്രകടമായിട്ടുള്ളത്. മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ സ്വാഭാവികമായും ഒഴിവാക്കപ്പെട്ട മുസ്‌ലിംകളുടെ എണ്ണം കൂടുതലായിരിക്കും. എന്നാൽ മറ്റു മേഖലകളെ അപേക്ഷിച്ച് സീമാഞ്ചലിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ നിരക്ക് വളരെ കൂടുതലാണ്.

ഒരു പൗരനെ സൂക്ഷ്മപരിശോധനാ പട്ടികയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞാൽ മുസ്‌ലിം എന്ന് തോന്നുന്ന പേരുണ്ടെങ്കിൽ അവരുടെ വോട്ടവകാശം നഷ്ടമാവാനുള്ള സാധ്യത 50 ശതമാനത്തിൽ കൂടുതലാണെന്ന് കണക്കുകൾ പറയുന്നു. 'യോഗ്യനായ ഒരു വോട്ടറെയും ഒഴിവാക്കില്ല' എന്ന മുദ്രാവാക്യത്തിൽ നിർമിച്ച ഒരു സംവിധാനം പ്രത്യേക മേഖലകളിലെ ഒരു ജനവിഭാഗത്തെ ആനുപാതികമായല്ലാതെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് വിശദീകരിക്കേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് 'ദ വയർ' റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News