ഡി.കെ.ശിവകുമാർ ഇടപെട്ടു; കർണാടക ബിഗ് ബോസ് സ്റ്റുഡിയോ തുറന്നു

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ചയാണ് സ്റ്റുഡിയോ അടച്ചു പൂട്ടിയത്

Update: 2025-10-09 08:41 GMT

ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ഇടപെടലിനെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ബിഗ് ബോസ് കന്നഡ (ബിബികെ) പതിപ്പ് ആതിഥേയത്വം വഹിക്കുന്ന വെൽസ് സ്റ്റുഡിയോസ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സീൽ ദക്ഷിണ ബംഗളൂരു ജില്ല അധികൃതർ നീക്കം ചെയ്തു. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ചയാണ് സ്റ്റുഡിയോ അടച്ചു പൂട്ടിയത്. വെൽസ് സ്റ്റുഡിയോസ് ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സീൽ നീക്കം ചെയ്യാൻ ജില്ലാ അധികാരികൾക്ക് ബുധനാഴ്ച ശിവകുമാർ നിർേദശം നൽകിയിരുന്നു.

കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റുഡിയോയിൽ കണ്ടെത്തിയ ലംഘനങ്ങൾ പരിഹരിക്കാൻ സമയം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 'കന്നഡയിലെ വിനോദ വ്യവസായത്തെ പിന്തുണക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണ്, അതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തോടുള്ള നമ്മുടെ ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കുന്നു' എന്ന് ശിവകുമാർ പറഞ്ഞു.

Advertising
Advertising

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ജില്ലാ ഉദ്യോഗസ്ഥരും കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പൊലീസുമെത്തി സ്റ്റുഡിയോ തുറന്നു നൽകി. ശിവകുമാറിന്റെ ഇടപെടലിന് നന്ദി പറഞ്ഞ് ബിബികെയുടെ അവതാരകനായ സുദീപ് എന്നറിയപ്പെടുന്ന നടൻ കിച്ച സുദീപ് രംഗത്തെത്തി.

'ബഹുമാനപ്പെട്ട ശിവകുമാർ സാറിന്റെ സമയോചിതമായ പിന്തുണക്ക് ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. സമീപകാലത്തെ കുഴപ്പങ്ങളിലോ അസ്വസ്ഥതകളിലോ ബിബികെ ഉൾപ്പെട്ടിട്ടില്ലെന്നോ അതിൽ പങ്കാളിയായിരുന്നില്ലെന്നോ അംഗീകരിച്ചതിന് ബന്ധപ്പെട്ട അധികാരികൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കോളിനോട് ഉടനടി പ്രതികരിച്ചതിന് ശിവകുമാറിനെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു, കൂടാതെ അദ്ദേഹത്തിന്റെ സമർപ്പിത ശ്രമങ്ങൾക്ക് നന്ദി പറയുന്നു. ബിബികെ ഇവിടെ തന്നെ തുടരും' എന്ന് കിച്ച പ്രതികരിച്ചു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News