Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മുംബൈ: 7/11 മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ 18 വർഷത്തെ ജയിൽ വാസത്തിന് ശേഷം 12 പേരെ വെറുതെ വിട്ട നടപടിയിൽ പ്രതികരണവുമായി എഐഎംഐഎം മേധാവി അസദുദ്ദിൻ ഉവൈസി. കുറ്റവിമുക്തരാക്കിയ 12 പേരുടെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങൾ നഷ്ടപ്പെട്ടുവെന്ന് അസദുദ്ദിൻ ഉവൈസി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കേസ് അന്വേഷിച്ച മഹാരാഷ്ട്ര എടിഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
Innocent people are sent to jail and then years later when they are released from jail there is no possibility for reconstruction of their lives. From last 17 years these accused are in jail. They haven't stepped out even for a day. The majority of their prime life is gone. In… https://t.co/nknsG344jk
— Asaduddin Owaisi (@asadowaisi) July 21, 2025
189 പേരുടെ മരണത്തിനും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 7/11 മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതികളായ 12 പേരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ് ഉവൈസിയുടെ പരാമർശം. 'കേസ് സംശയാതീതമായി സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടു' എന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
'12 മുസ്‌ലിം പുരുഷന്മാർ ചെയ്യാത്ത കുറ്റത്തിന് 18 വർഷം ജയിലിലായിരുന്നു. അവരുടെ ജീവിതം നഷ്ടപ്പെട്ടു. 180 കുടുംബങ്ങൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേസ് അന്വേഷിച്ച മഹാരാഷ്ട്ര എടിഎസിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കുമോ?' ഉവൈസി ചോദിച്ചു. പ്രതികൾ കഴിഞ്ഞ 17 വർഷത്തിനിടെ ഒരു ദിവസം പോലും പുറത്തിറങ്ങിയിട്ടില്ലെന്നും അവരുടെ പ്രൈം ലൈഫ് ഭൂരിഭാഗവും കഴിഞ്ഞു പോയെന്നും ഉവൈസി കൂട്ടിച്ചേർത്തു.
ഇത്തരം ഉന്നത കേസുകളിൽ നിയമപാലകരുടെ സമീപനത്തെ ഉവൈസി ചോദ്യം ചെയ്തു. 'പൊതുജന പ്രതിഷേധം ഉയരുന്ന സന്ദർഭങ്ങളിൽ പൊലീസ് ആദ്യം കുറ്റവാളിയെ കണ്ടെത്തുകയും പിന്നീട് അതിനു ചുറ്റും ഒരു കേസ് കെട്ടിപ്പടുക്കുകയും ചെയ്യുന്നു' ഉവൈസി ചൂണ്ടിക്കാട്ടി. 2006-ൽ മഹാരാഷ്ട്ര ഭരിച്ചിരുന്ന ആളുകൾക്കും പങ്കുണ്ടെന്ന് ഉവൈസി വ്യക്തമാക്കി. 2006-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും (ഐഎൻസി) നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) ചേർന്ന ഒരു സഖ്യ സർക്കാരാണ് മഹാരാഷ്ട്ര ഭരിച്ചത്.