ബൈജു രവീന്ദ്രന് യുഎസ് കോടതിയിൽ തിരിച്ചടി; 9600 കോടി രൂപ തിരിച്ചടയ്ക്കാൻ ഉത്തരവ്

ബൈജൂസിന്റെ 1.2 ബില്യൺ ഡോളര്‍ ടേം ലോൺ കൈകാര്യം ചെയ്യാൻ 2021-ൽ ഡെലവെയറിൽ രൂപീകരിച്ച പ്രത്യേക കമ്പനിയായ ബൈജൂസ് ആൽഫയുമായി ബന്ധപ്പെട്ടതാണ് കേസ്

Update: 2025-11-23 07:35 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന്‍റെ സ്ഥാപകൻ ബൈജു രവീന്ദ്രന് യുഎസ് കോടതിയിൽ തിരിച്ചടി. 1.07 ബില്യണിലധികം ഡോളര്‍(9600 കോടി രൂപ) പിഴ ചുമത്തി യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി. കമ്പനിയുടെ യുഎസ് ഫിനാൻസിങ് വിഭാഗമായ ബൈജൂസ് ആൽഫയിൽ നിന്ന് ഫണ്ട് നീക്കം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തതിന് ബൈജുവിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡിഫോൾട്ട് വിധി.

കോടതിയിൽ ഹാജരാകാനും രേഖകൾ നൽകാനുമുള്ള നിർദേശങ്ങൾ പാലിക്കുന്നതിൽ രവീന്ദ്രൻ ആവർത്തിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് ഡെലവെയർ പാപ്പരത്ത കോടതിയിലെ ജഡ്ജി ബ്രെൻഡൻ ഷാനൻ ഡിഫോൾട്ട് വിധി പുറപ്പെടുവിച്ചതെന്ന് ഒന്നിലധികം മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു കക്ഷി വ്യവഹാരത്തിൽ പങ്കെടുക്കാതിരിക്കുമ്പോഴോ കോടതി ഉത്തരവുകൾ അവഗണിക്കുമ്പോഴോ പുറപ്പെടുവിക്കുന്ന ഒരു വിധിയാണ് ഡിഫോൾട്ട് വിധി. വിചാരണ കൂടാതെ കേസ് തീരുമാനിക്കാൻ ഇത് കോടതിയെ അനുവദിക്കുന്നു.

Advertising
Advertising

ബൈജൂസിന്റെ 1.2 ബില്യൺ ഡോളര്‍ ടേം ലോൺ കൈകാര്യം ചെയ്യാൻ 2021-ൽ ഡെലവെയറിൽ രൂപീകരിച്ച പ്രത്യേക കമ്പനിയായ ബൈജൂസ് ആൽഫയുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ സ്ഥാപനത്തിൽ നിന്ന് മിയാമി ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടായ കാമ്‌ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 മില്യൺ ഡോളര്‍ ട്രാൻസ്ഫർ ചെയ്തു. ഈ തുക പിന്നീട് അനുബന്ധ സ്ഥാപനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിന് രവീന്ദ്രൻ വ്യക്തിപരമായി ഉത്തരവാദിയാണെന്ന് കോടതി വിധിച്ചു. വിശ്വാസപരമായ കടമ ലംഘിച്ചതിന് സഹായിച്ചതിന് 533 മില്യണ്‍ ഡോളറും കൺവേർഷൻ, സിവിൽ ഗൂഢാലോചന തുടങ്ങിയവക്ക് 540.6 മില്യണ്‍ ഡോളറും ഉൾപ്പെടെയാണ് മൊത്തം 1.07 ബില്യൺ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചത്.

അതേസമയം, എല്ലാ ആരോപണങ്ങളും നിഷേധിച്ച ബൈജു രവീന്ദ്രൻ, യുഎസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അറിയിച്ചു. യുഎസ് കോടതി ഡിഫോൾട്ട് വിധി ത്വരിതഗതിയിൽ പുറപ്പെടുവിച്ചതാണെന്നും പ്രതിവാദം അവതരിപ്പിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്നും ബൈജു പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News