Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ പൊതുവായ അഭിപ്രായപ്രകടനങ്ങള്‍ സാധാരണയായി നടത്താറില്ലെങ്കിലും തന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. 'ബുള്‍ഡോസര്‍ നീതി'ക്കെതിരായ വിധിയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് വെള്ളിയാഴ്ച പറഞ്ഞു. അതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് തൊഴില്‍ സംവരണത്തിനായി എസ്‌സി എസ്ടി വിഭാഗങ്ങളെ ഉപവര്‍ഗീകരിക്കുന്നതിനായുള്ള വിധിയുമായിരുന്നെന്ന് ഗവായ് വെളിപ്പെടുത്തി.
സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വിടവാങ്ങല്‍ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധി ഏതായിരുന്നുവെന്ന് ആരെങ്കിലും തന്നോട് ചോദിക്കുകയാണെങ്കില്‍, അത് ബുള്‍ഡോസര്‍ നീതിക്കെതിരായ വിധിയായിരിക്കുമെന്ന് നിസ്സംശയം താന്‍ പറയുമെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
'ബുള്‍ഡോസര്‍ നീതി രാജ്യത്തെ നിയമവാഴ്ചയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഒരു വ്യക്തി ചെയ്ത കുറ്റത്തിന് എങ്ങനെയാണ് അയാളുടെ വീട് തകര്‍ക്കാനാകുക? അയാളുടെ കുടുംബവും മാതാപിതാക്കളും എന്ത് തെറ്റാണ് ചെയ്തത്? ജീവിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശങ്ങളില്‍ പെട്ടതാണ്.' അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ നിയമവാഴ്ചയെ സംരക്ഷിക്കുന്നതില്‍ ബുള്‍ഡോസര്‍ നീതിക്കെതിരായ വിധി ജുഡീഷ്യറിക്ക് എത്രത്തോളം സഹായകരമായിട്ടുണ്ടെന്ന് വിദേശരാജ്യങ്ങളില്‍ സംസാരിക്കുമ്പോള്‍ താന്‍ സൂചിപ്പിക്കാറുണ്ടെന്നും ഗവായ് വ്യക്തമാക്കി.
ബുള്‍ഡോസര്‍ നീതിക്കെതിരായ വിധിക്ക് ശേഷം സംസ്ഥാനങ്ങള്‍ക്ക് തൊഴില്‍ സംവരണമേര്‍പ്പെടുത്തുന്നതിനായി എസ്‌സി, എസ്ടി വിഭാഗങ്ങളെ ഉപവര്‍ഗീകരിക്കുന്നതിനായുള്ള വിധിയാണ് തന്റെ ജീവിതത്തിലേറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
'തൊഴില്‍ സംവരണത്തിനായുള്ള വിധി വളരെ അത്യാവശ്യമായിരുന്നു. കാരണം, ഒരു ചീഫ് സെക്രട്ടറിയുടെ മക്കളെയും വിദ്യാഭ്യാസത്തിനോ മറ്റ് വിഭവങ്ങള്‍ക്കോ വഴിയില്ലാത്ത കര്‍ഷകത്തൊഴിലാളികളുടെ മക്കളെയും ഒരേ പദവിയില്‍ കണക്കാക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് നിയമമേഖലയുമായി 40 വര്‍ഷത്തിലേറെയുള്ള ബന്ധമുണ്ട്. 18 വര്‍ഷം സാധാരണ അഡ്വക്കേറ്റായും 22 വര്‍ഷം കോടതികളിലെ ജഡ്ജ് ആയി സേവനമനുഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇത്രയും കാലത്തെ നിയമമേഖലയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അംബേദ്കറുടെ നീതി, സമത്വം, സ്വാതന്ത്ര്യം എന്നീ തത്വങ്ങളില്‍ അധിഷ്ടിതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രിംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സൂര്യകാന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ന്യായാധിപന്മാര്‍ അതിഥികളായി ചടങ്ങിലേക്കെത്തും. നിലവില്‍ ചീഫ് ജസ്റ്റിസായ ബി.ആര്‍ ഗവായ് ഇന്ന് വിരമിക്കും.