Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ചണ്ഡീഗഡ്: ചണ്ഡീഗഡിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. നിലവിൽ പഞ്ചാബ് ഗവർണർക്കാണ് കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ ചുമതല. പുതിയ ലഫ്റ്റനന്റ് ഗവർണറെ നിയോഗിച്ച് നിയന്ത്രണം പൂർണമായി കേന്ദ്രത്തിന് കീഴിൽ കൊണ്ടുവരും. ഇതിനായി ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം.
ഡിസംബർ 1 മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. 1984 ജൂൺ 1 മുതൽ ചണ്ഡീഗഢ് പഞ്ചാബ് ഗവർണറുടെ ഭരണത്തിൻ കീഴിലാണ്. 2016 ആഗസ്റ്റിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ അൽഫോൻസ് കണ്ണന്താനത്തെ നിയമിച്ചുകൊണ്ട് സ്വതന്ത്ര അഡ്മിനിസ്ട്രേറ്റർ എന്ന പഴയ രീതി പുനഃസ്ഥാപിക്കാൻ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാൽ എൻഡിഎയുടെ ഭാഗമായിരുന്ന അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെയും കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളുടെയും കടുത്ത എതിർപ്പിനെത്തുടർന്ന് ഈ നീക്കം പിൻവലിച്ചു.
പഞ്ചാബിലെ എഎപി സർക്കാരിനെ സമ്മർദത്തിലാക്കാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ. ഇതിനെതിരെ എതിർപ്പുമായി പഞ്ചാബ് സർക്കാർ രംഗത്തെത്തി. സർക്കാരിന് പുറമെ പഞ്ചാബിലെ ബിജെപി നേതൃത്വവും ബില്ലിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. ബിൽ പിൻവലിക്കണമെന്ന് ബിജെപി പഞ്ചാബ് അധ്യക്ഷൻ സുനിൽ ജാഖർ ആവശ്യപ്പെട്ടു. ചണ്ഡീഗഡ് പഞ്ചാബിന്റെ അവിഭാജ്യ ഘടകമാണെന്നും കേന്ദ്രഭരണ പ്രദേശത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കപ്പെടുമെന്ന് ഉറപ്പുനൽകുന്നതായും പഞ്ചാബ് ബിജെപി മേധാവി സുനിൽ ജാഖർ പറഞ്ഞു.
അതേസമയം, പ്രതിഷേധത്തിന് പിന്നാലെ ചണ്ഡീഗഡ് ബിൽ വിഷയത്തിൽ വിശദീകരണവുമായി കേന്ദ്രം. ബില്ലിൽ അന്തിമ തീരുമാനം ആയില്ലെന്നും ബിൽ കേന്ദ്രത്തിന്റെ പരിഗണയിലുണ്ടെന്നും ആഭ്യന്തര മന്ത്രാലയം. ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി.