Writer - അൻഫസ് കൊണ്ടോട്ടി
anfas123
ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് അധ്യക്ഷന്‍ അര്‍ഷദ് അലിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. മുസ്ംലികള്‍ തല ഉയര്‍ത്താതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അക്ഷീണം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നായിരുന്നു അര്‍ഷാദ് മദനിയുടെ പ്രസ്താവന. മദനിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ സന്ദീപ്, സര്‍ക്കാര്‍ സംഘടിതമായി ഒരു മതവിഭാഗക്കാര്‍ക്കും അവരിലെ വിദ്യാസമ്പന്നര്‍ക്ക് നേരെയും തിരിഞ്ഞിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.
'ഈ സര്‍ക്കാര്‍ ഒരു പ്രത്യേക മതവിഭാഗക്കാര്‍ക്ക് നേരെ സംഘടിതമായി കാംപയിന്‍ നടത്തുകയാണ്. അവരിലെ വിദ്യാസമ്പന്നര്‍ക്ക് നേരെയും ഇവര്‍ തിരിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല'. ചിലപ്പോഴൊക്കെ, സര്‍ക്കാരിനകത്ത് നിന്നുതന്നെ ഇത്രയൊക്കെ വേണോയെന്ന് ആളുകള്‍ ചോദിക്കാറുണ്ടെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഭാരതീയ ജനതാപാര്‍ട്ടിയില്‍ മുസ്‌ലിംകള്‍ കുറവാണെന്ന് പറഞ്ഞ അദ്ദേഹം, മുസ്‌ലിം നാമധാരികളെ പാര്‍ട്ടിയില്‍ ചേര്‍ത്തുകൊണ്ട് അവര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
'മദനിയുടെ അഭിപ്രായം വളരെ ശരിയാണ്. നിരവധിയാളുകള്‍ അതുപോലെ പറയാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളെ അല്‍ഫലാഹ് കേസുമായി കൂട്ടിക്കുഴക്കരുത്. കാരണം, അത് തികച്ചും മറ്റൊരു സാഹചര്യവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന കേസാണ്.' അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ അര്‍ഷാദ് മദനി രംഗത്തെത്തിയിരുന്നത്. മുസ്‌ലിംകള്‍ തല ഉയര്‍ത്താതിരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് സര്‍വകലാശാല വിസി ആകാന്‍ പോലും സാധിക്കുന്നില്ല. അല്‍ഫലാഹ് സര്‍വകലാശാലയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അര്‍ഷാദ് മദനിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. അല്‍ഫലാഹ് സര്‍വകലാശാലയെ ലക്ഷ്യമിടരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു. മുസ്‌ലിം വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇതിന് പിന്നാലെയാണ് സന്ദീപ് ദീക്ഷിതിന്റെ പ്രതികരണം.