വിനയ് കുമാർ ഹിമാചൽ പ്രദേശ് പിസിസി അധ്യക്ഷൻ
കഴിഞ്ഞ വർഷം നവംബർ ആറിന് മുൻ പിസിസി പിരിച്ചുവിട്ട് ഒരു വർഷത്തിന് ശേഷമാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത്
ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് വിനയ് കുമാറിനെ ഹിമാചൽ പ്രദേശ് പിസിസി അധ്യക്ഷനായി നിയമിച്ചു. ശ്രീ രേണുകാജി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് വിനയ് കുമാർ. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ നിന്ന് എംഎൽഎ ആകുന്നത്. കഴിഞ്ഞ വർഷം നവംബർ ആറിന് മുൻ പിസിസി പിരിച്ചുവിട്ട് ഒരു വർഷത്തിന് ശേഷമാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത്.
പിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചതോടെ വിധാൻസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വിനയ് കുമാർ സ്ഥാനം രാജിവെച്ചു. വിനയ് കുമാറിനെ പുതിയ പിസിസി അധ്യക്ഷനായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആണ് അറിയിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പ്രതിഭാ സിങ്ങിന്റെ സംഭാവനകൾക്ക് പാർട്ടി നന്ദി രേഖപ്പെടുത്തുന്നതായി വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ വർഷം പിസിസി പിരിച്ചുവിട്ടെങ്കിലും പ്രതിഭാ സിങ്ങിനോട് പദവിയിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭ. നേരത്തെ പിസിസി വർക്കിങ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള വിനയ് കുമാർ വീരഭദ്ര സിങ്ങിന്റെ വിശ്വസ്തനാണ്. മുൻ മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് പിസിസി അധ്യക്ഷസ്ഥാനത്തേക്ക് വിനയ് കുമാറിന്റെ പേര് നിർദേശിച്ചത് എന്നാണ് വിവരം.
വീരഭദ്ര സിങ്ങിന്റെ കുടുംബത്തെ പിന്തുണക്കുന്ന ഒരു വിഭാഗവും മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖുവിനെ പിന്തുണയ്ക്കുന്ന മറ്റൊരു വിഭാഗവും സംസ്ഥാന കോൺഗ്രസിലുണ്ട്. പാർട്ടിയിൽ സംതുലിതാവസ്ഥ നിലനിർത്തുന്നതിന് വേണ്ടിയാണ് വീരഭദ്രയുടെ കുടുംബവുമായി അടുപ്പമുള്ള വിനയ് കുമാറിനെ പിസിസി അധ്യക്ഷനാക്കിയത്.