ഗെയിം കളിക്കാൻ മാതാപിതാക്കൾ ഫോൺ നൽകിയില്ല; നാഗ്പൂരിൽ 13കാരി ജീവനൊടുക്കി
അമ്മയും സഹോദരിയും വീട്ടിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
നാഗ്പൂര്‍: മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിൽ മനംനൊന്ത് 13 വയസുകാരി ആത്മഹത്യ ചെയ്തു.മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഞായറാഴ്ചയാണ് സംഭവം.
എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ദിവസവും ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു. മാതാപിതാക്കളോട് ഒരു ഫോൺ വാങ്ങിത്തരാൻ ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചു. ഇതിൽ മനംനൊന്ത് വീട്ടിൽ തനിച്ചായിരുന്നപ്പോൾ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു. അമ്മയും സഹോദരിയും വീട്ടിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മായോ ആശുപത്രിയിലേക്ക് അയച്ചു.
ഈ മാസം ആദ്യം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 16കാരൻ ജീവനൊടുക്കിയിരുന്നു. അമ്മ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിന്‍റെ പേരിലായിരുന്നു ആത്മഹത്യ. പൊലീസ് റിക്രൂട്ട്‌മെന്‍റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു കുട്ടി.
കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ പിറന്നാളിന് അമ്മ മൊബൈൽ ഫോൺ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് 15 വയസുകാരനും ആത്മഹത്യ ചെയ്തിരുന്നു. അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോൾ കുട്ടി ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ നവി മുംബൈയിൽ അച്ഛൻ വിലകൂടിയ ഐഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് 18 കാരൻ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. . ഏകദേശം 1.5 ലക്ഷം രൂപ വിലയുള്ള ഐഫോണിന് പകരം കുറഞ്ഞ വിലയുള്ള ഫോണാണ് പിതാവ് മകന് കൊടുത്തത്. ഇതിനെതുടര്‍ന്നായിരുന്നു ആത്മഹത്യ.