ബംഗളൂരുവിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ
ബിൽവരദഹള്ളി റോഡിന് സമീപം ഗുരുമൂർത്തി (27), ഗോപാലകൃഷ്ണ (25) എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരു: ഹൂളിമാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്‌കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിൽവരദഹള്ളി റോഡിന് സമീപം ഗുരുമൂർത്തി (27), ഗോപാലകൃഷ്ണ (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ വെടിവെച്ചു വീഴ്ത്തിയാണ് പിടികൂടിയത്. പ്രതികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ആത്മരക്ഷാർഥമാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ പ്രതികളേയും രണ്ട് എസ്‌ഐമാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗളൂരു അരേക്കരയിലെ പ്രൊഫസറുടെ മകനായ നിഷ്ചിതിനെ(13) ബുധനാഴ്ച വൈകിട്ട് ഏഴര കഴിഞ്ഞാണ് തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. വൈകിട്ട് അഞ്ചിന് സൈക്കിളിൽ ട്യൂഷൻ സെന്ററിലേക്ക് പോയ കുട്ടി രാത്രി എട്ടായിട്ടും വീട്ടിൽ എത്തിയില്ല. ട്യൂഷൻ ടീച്ചറോട് അന്വേഷിച്ചപ്പോൾ ഏഴരക്ക് ഇറങ്ങിയതായി അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ രാത്രി 10.30ന് ഹുളിമാവ് പൊലീസ് സ്റ്റേഷനിൽ മകനെ കാണാനില്ലെന്ന് പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ സൈക്കിൾ അരെക്കെരയിലെ പാർക്കിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ബന്നാൽഘട്ട റോഡിൽനിന്ന് വിജനമായ ഒരു പ്രദേശത്ത് നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഗ്ഗലിപുര റോഡിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പൊലീസുകാരിൽ ഒരാൾ ആദ്യം ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിയുതിർത്തു. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കീഴടങ്ങാൻ മുന്നറിയിപ്പ് നൽകി. പിന്നീട് പ്രതികൾ സബ് ഇൻസ്‌പെക്ടർ അരവിന്ദ്കുമാറിനെ ആക്രമിച്ചപ്പോൾ അദ്ദേഹം രണ്ട് റൗണ്ട് വെടിയുതിർത്തു, ഗുരുമൂർത്തിയുടെ ഇടതുകാലിലും വലതുകാലിലും പരിക്കേറ്റു. ആത്മരക്ഷക്കായി ഇൻസ്‌പെക്ടർ ബി.ജി കുമാരസ്വാമിയെ ഗോപാലകൃഷ്ണൻ കഠാര ഉപയോഗിച്ച് ആക്രമിച്ചപ്പോൾ പ്രതിയുടെ വലതു കാലിന് നേരെ വെടിയുതിർത്തു. ഡ്രൈവർമാരായി ജോലി ചെയ്യുന്ന പ്രതികൾ കുട്ടിയുടെ പിതാവിന് പരിചിതരാണെന്നും മാതാപിതാക്കളിൽ നിന്ന് പണം തട്ടാൻ വേണ്ടി തട്ടിക്കൊണ്ടുപോയതാണെന്നും പൊലീസ് പറഞ്ഞു.