ഹൈദരാബാദ് സ്‌ഫോടനം: യാസീൻ ഭട്കൽ അടക്കം അഞ്ചുപേരുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി
2013 ഫെബ്രുവരി 21ന് സന്ധ്യക്കാണ് ദിൽസുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തിയേറ്ററിനടുത്തും നിമിഷങ്ങളുടെ വ്യത്യാസത്തിൽ സ്‌ഫോടനമുണ്ടായത്.
ഹൈദരാബാദ്: ദിൽസുഖ് നഗർ സ്‌ഫോടനക്കേസ് പ്രതികളുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി. 2013-ൽ ദിൽസുഖ് നഗർ സ്‌ഫോടനക്കേസിൽ എൻഐഎ കോടതി വിധി ശരിവെച്ചുകൊണ്ടാണ് പ്രതികളുടെ അപ്പീൽ തള്ളിയത്. യാസീൻ ഭട്കൽ, സിയാവുറഹ്മാൻ, അസദുല്ല അക്തർ, തെഹ്‌സീൻ അക്തർ, ഐജാസ് ശൈഖ് എന്നിവരുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്. ഇവർ തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദീൻ അംഗങ്ങളാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
2013 ഫെബ്രുവരി 21ന് സന്ധ്യക്കാണ് ദിൽസുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തിയേറ്ററിനടുത്തും നിമിഷങ്ങളുടെ വ്യത്യാസത്തിൽ സ്‌ഫോടനമുണ്ടായത്. 19 പേർ സംഭവസ്ഥലത്ത് മരിച്ചു. 130 പേർക്ക് പരിക്കേറ്റിരുന്നു.
യാസീൻ ഭട്കൽ, അസദുല്ല അക്തർ എന്നിവരെ ബിഹാർ-നേപ്പാൾ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. സിയാവുറഹ്മാൻ പാക് പൗരനാണ്. മുഖ്യപ്രതിയായ റിയാസ് ഭട്കൽ എന്ന ഷാ റിയാസ് അഹമ്മദ് മുഹമ്മദ് ഇസ്മാഈൽ ഷഹ്ബന്ധരി ഇപ്പോഴും ഒളിവിലാണ്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു.