'ബേബി ഫാക്ടറികളും നുഴഞ്ഞുകയറ്റക്കാരും മുതൽ പഞ്ചറൊട്ടിക്കുന്നവർ വരെ...'; മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് മോദി കൂടുതലായും ഇത്തരം പരാമർശങ്ങൾ നടത്തുന്നത്.
ന്യൂഡൽഹി: മുസ്‌ലിംകൾ പഞ്ചറൊട്ടിക്കുന്നവരെന്ന മോദിയുടെ പരാമര്‍ശം വിവാദമാവുകയും വലിയ പ്രതിഷേധത്തിന് വഴിതെളിയിക്കുകയും ചെയ്തിട്ടുണ്ട്. 'വഖഫ് നല്ല രീതിയിൽ ഉപയോഗിച്ചിരുന്നുവെങ്കിൽ മുസ്‍ലിം ചെറുപ്പക്കാർക്ക് പഞ്ചറൊട്ടിക്കേണ്ട അവസ്ഥ വരില്ലായിരുന്നു' എന്നായിരുന്നു മോദിയുടെ പരാമർശം. ഈ മാസം 14ന് ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു പരാമർശമുണ്ടായത്.
എന്നാൽ ഇതാദ്യമായല്ല മോദി മുസ്‌ലിംകളെക്കുറിച്ച് വിവാദ പ്രസ്താവനകൾ നടത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ, മോദി നടത്തിയ പ്രസ്താവനകൾ രാജ്യത്ത് മുസ്‌ലിം വിരുദ്ധ വിദ്വേഷം വളർത്താനും വർഗീയ വിഭജനം സൃഷ്ടിക്കാനും ഇടയാക്കിയിട്ടുണ്ടെന്ന വിമർശനം ശക്തമാണ്.
മുസ്‌ലിംകളെ 'നുഴഞ്ഞുകയറ്റക്കാർ' എന്ന് വിളിക്കുക, അവരുടെ കുടുംബ വലിപ്പത്തെ പരിഹസിക്കുക, ദുരിതാശ്വാസ ക്യാമ്പുകളെ 'കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ' എന്ന് അധിക്ഷേപിക്കുക തുടങ്ങിയവയാണ് മോദിയുടെ ഏറ്റവും കുപ്രസിദ്ധമായ ഇസ്‌ലാമോഫോബിക് പരാമർശങ്ങൾ. മുസ്‌ലിംകൾ ഹിന്ദു ഭൂരിപക്ഷത്തിന് വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നോ ഭീഷണിയാണെന്നോ സൂചിപ്പിക്കാൻ പലപ്പോഴും പരോക്ഷമായ ഭാഷയും 'പ്രീണനം', 'വോട്ട് ബാങ്ക് രാഷ്ട്രീയം', 'മുഗളന്മാർ', 'പുറത്തുള്ളവർ' തുടങ്ങിയ പരാമർശങ്ങളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് മോദി കൂടുതലായും ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 173 പ്രസംഗങ്ങളിൽ 110 എണ്ണത്തിലെങ്കിലും മോദി മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് കഴിഞ്ഞവർഷം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മുസ്‌ലിംകൾക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ നിരന്തരം നടത്തിയ വിദ്വേഷ പരാമർശങ്ങളാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകർന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞവർഷം മാർച്ച് 16ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം മോദി നടത്തിയ 173 പ്രസംഗങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രതിപക്ഷം മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നുവെന്നും തെറ്റായ വിവരങ്ങളിലൂടെ ഹിന്ദുക്കൾക്കിടയിൽ ഭയം വളർത്തുന്നുവെന്നും മോദി ആരോപിച്ചിരുന്നു. പ്രതിപക്ഷം 'മുസ്‌ലിം അവകാശങ്ങളെ മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂ' എന്നും മുസ്‌ലിംകൾക്ക് മുൻഗണന നൽകുന്നതായുമുള്ള ആരോപണങ്ങളും പ്രധാനമന്ത്രി ഉയർത്തിയിരുന്നു.
മോദി തന്റെ പൊതു പ്രസംഗങ്ങളിൽ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ചില മുൻകാല സംഭവങ്ങൾ ഇവയാണ്.
'കുട്ടികളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ/ ബേബി ഫാക്ടറികൾ'
2002ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷമാണ് മോദി ഇത്തരമൊരു പരാമർശം നടത്തിയത്. കലാപബാധിതരായ മുസ്‌ലിംകൾക്കായുള്ള ദുരിതാശ്വാസ ക്യാമ്പുകളെയാണ് മോദി "ശിശു ഉത്പാദന കേന്ദ്രങ്ങൾ", "ശിശു ഫാക്ടറികൾ" എന്ന് പരാമർശിച്ചതെന്നാണ് റിപ്പോർട്ട്. "നമ്മൾ എന്തുചെയ്യണം? ദുരിതാശ്വാസ ക്യാമ്പുകൾ നടത്തണോ? നമ്മൾ കുട്ടികളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ തുറക്കണോ?" എന്നായിരുന്നു മോദിയുടെ ചോദ്യം.
'ലവ് ജിഹാദ്'
2024 മെയ് 28ന് ജാർഖണ്ഡിലെ ദുംകയിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ലവ് ജിഹാദ്' ആരംഭിച്ചത് ജാർഖണ്ഡിൽ നിന്നാണ്" എന്ന് പറഞ്ഞിരുന്നു.
'ഞങ്ങൾ അഞ്ച്, ഞങ്ങൾക്ക് 25'
'ഹം പാഞ്ച്, ഹമാരേ പച്ചീസ്' ('ഞങ്ങൾ അഞ്ച്, ഞങ്ങൾക്ക് 25') എന്ന പരാമർശത്തിലൂടെ മോദി മുസ്‌ലിം കുടുംബങ്ങളെ പരിഹസിച്ചിരുന്നു. 'ചിലർക്ക് ഒരു പാരമ്പര്യമുണ്ട്: ഹം പാഞ്ച്, ഹമാരേ പച്ചീസ്'- 2002ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദി പറഞ്ഞു. മുസ്‌ലിംകൾക്കിടയിൽ ബഹുഭാര്യത്വവും അവർക്ക് നിരവധി മക്കളുമുണ്ടെന്ന രീതിയിലായിരുന്നു ഈ അധിക്ഷേപം.
പിങ്ക് വിപ്ലവം
കോൺഗ്രസ് സർക്കാർ 'പിങ്ക് വിപ്ലവം' പ്രോത്സാഹിപ്പിക്കുകയാണെന്ന് മോദി ആരോപിച്ചിരുന്നു. മാംസ വ്യവസായത്തെ, പ്രത്യേകിച്ച് ഗോമാംസത്തെ പരാമർശിച്ചായിരുന്നു, മുസ്‌ലിംകൾക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഹിന്ദു താത്പര്യങ്ങൾ തകർക്കപ്പെടുന്നുവെന്നും മോദി സൂചിപ്പിച്ചത്. 2014 ഏപ്രിൽ രണ്ടിന് ബീഹാറിലെ നവാഡയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അന്നത്തെ കേന്ദ്ര യുപിഎ സർക്കാരിനെതിരായ മോദിയുടെ പരാമർശം.
'ഈ രാജ്യം ഒരു ഹരിത വിപ്ലവം ആഗ്രഹിക്കുന്നു. എന്നാൽ ഇപ്പോൾ കേന്ദ്രത്തിലുള്ളവർക്ക് 'പിങ്ക് വിപ്ലവം' വേണം. അതിന്റെ അർഥമെന്താണെന്ന് നിങ്ങൾക്കറിയാമോ? മൃഗങ്ങളെ കൊല്ലുമ്പോൾ അവയുടെ മാംസത്തിന്റെ നിറം പിങ്ക് ആയിരിക്കും. മൃഗങ്ങളെ കശാപ്പ് ചെയ്ത് ബംഗ്ലാദേശിലേക്ക് കൊണ്ടുപോകുന്നു. ഡൽഹിയിലെ സർക്കാർ ഈ കശാപ്പ് നടത്തുന്നവർക്ക് സബ്‌സിഡികൾ നൽകുന്നു'- എന്നായിരുന്നു മോദിയുടെ പ്രസംഗം. 'പിങ്ക് വിപ്ലവത്തിന്റെ പ്രയോജനം ആർക്കാണ്? സബ്‌സിഡി ലഭിക്കുന്നത് ആർക്കാണ്?'- എന്നും മോദി ചോദിച്ചിരുന്നു.
'നുഴഞ്ഞുകയറ്റക്കാർ', 'കോൺഗ്രസ് ജനങ്ങളുടെ സ്വത്തും സ്വർണവും മുസ്‌ലിംകൾക്ക് നൽകും'
2024 ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ഒരു പ്രചാരണ റാലിയിൽ മോദി മുസ്‌ലിംകളെ 'നുഴഞ്ഞുകയറ്റക്കാർ' എന്ന് അധിക്ഷേപിച്ചു. 'നിങ്ങൾ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്ക് നൽകണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?'- എന്ന് മോദി ചോദിച്ചു. കോൺഗ്രസ് ജനങ്ങളിൽ നിന്ന് സമ്പത്ത് പിടിച്ചെടുത്ത് 'കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും' വിതരണം ചെയ്യാൻ പദ്ധതിയിടുന്നുവെന്നും മോദി ആരോപിച്ചിരുന്നു. ഇതും വലിയ വിവാദമായിരുന്നു. പ്രതിപക്ഷ പാർട്ടികൾ 'നുഴഞ്ഞുകയറ്റക്കാരുടെ' കൈകളിൽ കിടന്നുകളിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു.
അതേ പ്രസംഗത്തിൽ, കോൺഗ്രസ് 'അമ്മമാരുടെയും സഹോദരിമാരുടെയും മംഗല്യസൂത്രങ്ങളും സ്വർണവും തട്ടിയെടുത്തും നുഴഞ്ഞുകയറ്റക്കാർക്ക് നൽകുമെന്ന്' മോദി ആരോപിച്ചിരുന്നു. 'രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്‌ലിംകൾക്കാണ് ആദ്യത്തെ അവകാശം എന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്' എന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഒരു പരാമർശം ദുർവ്യാഖ്യാനം ചെയ്ത് മോദി പറഞ്ഞിരുന്നു.
'രാജ്യത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‌ലിംകളാണ് എന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രസ്താവിച്ചിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്ക് നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?. അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. നിങ്ങളുടെ താലിമാലയെപ്പോലും ഈ അർബൻ നക്‌സലുകൾ വെറുതെവിടില്ല'- മോദി പറഞ്ഞു.
വോട്ട് ജിഹാദ്'
2024 മെയിൽ ഗുജറാത്തിൽ നടന്ന പൊതുയോഗത്തിലായിരുന്നു ഈ പരാമർശം. 'പാകിസ്താനിലെ തീവ്രവാദികൾ ഇന്ത്യയ്‌ക്കെതിരെ ജിഹാദ് ഭീഷണി മുഴക്കുന്നു. ഇവിടെ കോൺഗ്രസിലുള്ളവർ മോദിക്കെതിരെ വോട്ട് ജിഹാദ് പ്രഖ്യാപിച്ചിരിക്കുന്നു. അതായത് ഒരു പ്രത്യേക മതത്തിലെ ആളുകളോട് മോദിക്കെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു. കോൺഗ്രസ് ഏത് തലത്തിലേക്ക് അധഃപതിച്ചുവെന്ന് സങ്കൽപ്പിക്കുക. വോട്ട് ജിഹാദിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? ഒരു ജനാധിപത്യത്തിൽ, അത് ചെയ്യാൻ കഴിയുമോ? നമ്മുടെ ഭരണഘടന ഇത്തരത്തിലുള്ള ജിഹാദ് അനുവദിക്കുന്നുണ്ടോ?' മോദി പറഞ്ഞു.
'ഇത് പുതിയതാണ്, കാരണം നമ്മൾ ഇതുവരെ 'ലവ് ജിഹാദ്', 'ലാൻഡ് ജിഹാദ്' എന്നിവയെക്കുറിച്ച് കേട്ടിട്ടുണ്ട്. ജിഹാദിന്റെ അർഥമെന്താണെന്നും അത് ആർക്കെതിരെയാണ് നടത്തുന്നതെന്നും നിങ്ങൾക്കെല്ലാവർക്കും അറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വോട്ട് ജിഹാദ് ആഹ്വാനം രാജ്യത്തിന്റെ ജനാധിപത്യത്തിന് അപകടകരമാണ്'- എന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.
മുസ്‌ലിംകളെ ഭീഷണിയായി ചിത്രീകരിക്കുന്ന പ്രചാരണ വീഡിയോകൾ ബിജെപി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും 'മുസ്‌ലിംകൾ' എന്ന് അടയാളപ്പെടുത്തിയ ഒരു മുട്ട എസ്‌സി, എസ്ടി, ഒബിസി എന്നെഴുതിയ ഒരു കിളിക്കൂട്ടിൽ വയ്ക്കുന്ന ആനിമേറ്റഡ് വീഡിയോയും ഇതിലുൾപ്പെടുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികൾ പുറത്തുവരുമ്പോൾ മുസ്‌ലിം എന്നെഴുതിയ മുട്ടയിൽ നിന്നെത്തിയ കിളിക്ക് മാത്രം രാഹുൽ ഗാന്ധി ഫണ്ടുകൾ നൽകുന്നതാണ് വീഡിയോയിൽ ചിത്രീകരിച്ചിരുന്നത്.
സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ച ഈ വീഡിയോയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. 'രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിനെതിരെ ഉപയോഗിച്ച ഭാഷ, ലോക വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിക്കുന്ന പ്രതിച്ഛായയ്ക്ക് വിരുദ്ധമായിരുന്നു' എന്ന് 2024 ഏപ്രിലിൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.