വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി; മറുപടി നൽകാൻ കേന്ദ്രത്തിന് ഏഴു ദിവസത്തെ സമയം

'നിലവിലെ വഖഫ് ഭൂമികൾ വഖഫ് അല്ലാതാക്കി മാറ്റരുത്'

Update: 2025-04-17 09:08 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ നിർണായക ഇടപെടലുമായി സുപ്രിംകോടതി. വഖഫിൽ സ്വത്തിൽ തൽസ്ഥിതി തുടരണമെന്ന് കോടതി നിർദേശിച്ചു. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചു. ഏഴു ദിവസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന വഖഫ് ബോർഡുകളിൽ നിയമനം നടത്താൻ പാടില്ലെന്നും കോടതി നിർദേശിച്ചു.

ഹരജികൾ വീണ്ടും പരിഗണിക്കുന്നത് വരെ വഖഫ് ബോർഡുകളിലും നിയമനങ്ങൾ ഉണ്ടാകരുതെന്നും കോടതി കേന്ദ്രത്തിനെ അറിയിച്ചു. നിയമം പൂർണ്ണമായി സ്റ്റേ ചെയ്യില്ല എന്നും സുപ്രികോടതി വ്യക്തമാക്കി. നിയമത്തിൽ പൂർണ്ണമായി മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. തർക്ക ഭൂമിയിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നും സുപ്രീംകോടതി ആവർത്തിച്ചു. നിലവിലെ വഖഫ് ഭൂമികൾ വഖഫ് അല്ലാതാക്കി മാറ്റരുതെന്നും കോടതി നിർദേശിച്ചു.

ഇതിനകം രജിസ്റ്റർ ചെയ്തതോ വിജ്ഞാപനം വഴി വഖഫായ ഭൂമിയോ അതേപടി നിലനിർത്തണമെന്ന് കോടതി വ്യക്തമാക്കി. ഏഴു ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചിട്ട് അന്തിമ തീരുമാനമെടുക്കും. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായത്. നിയമത്തിലെ വ്യവസ്ഥകൾ സ്റ്റേ ചെയ്യാൻ കോടതി തീരുമാനിച്ചാൽ അത് അസാധാരണമായ നീക്കമാകുമെന്നും നിയമം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. 

നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദേശങ്ങൾ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിൻ്റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വഖഫ് ഭൂമി സംബന്ധിച്ച് 100ലധികം ഹര‌ജികൾ സുപ്രിംകോടതിയില്‍ എത്തിയിട്ടുണ്ട്. ധാരാളം ഹരജികൾ ഉള്ളതിനാൽ പൊതു അഭിഭാഷകരെ നിയമിക്കാം എന്നും കോടതി അറിയിച്ചു. 

വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിം കോടതി മെയ് 5 ന് കേൾക്കുന്നത് 5 ഹരജിക്കാരുടെ വാദമാണ്. ജംഇയത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി, മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകനായ മുഹമ്മദ്‌ ജമീൽ മെർച്ചന്‍റ്, മുസ്‍ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഫസലുർ റഹീം, മണിപ്പൂര്‍ എംഎൽഎ ഷെയ്ഖ് നൂറുൽ ഹസ്സൻ, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദീൻ ഉവൈസി എന്നിവരുടെ ഹരജിയിലാണ് വാദം കേൾക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ തുടങ്ങിയ സംഘടനകളുടേതുൾപ്പെടെ എഴുപതിലധികം ഹരജികളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News