യുപിയിൽ ബധിരയും മൂകയുമായ 11കാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് പാടത്ത് തള്ളി
ചൊവ്വാഴ്ച വൈകീട്ടോടെ പെൺകുട്ടിയെ കാണാതായിരുന്നു.
ലഖ്നൗ: ഉത്തർപ്രദേശിൽ ബധിരയും മൂകയുമായ പ്രായപൂർത്തിയാവാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് പാടത്ത് തള്ളി. റാംപൂർ ജില്ലയിലെ ഷഹ്ബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
11കാരിയായ പെൺകുട്ടിയാണ് കൊടുംക്രൂര പീഡനത്തിന് ഇരയായത്. ചൊവ്വാഴ്ച വൈകീട്ടോടെ പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ബുധനാഴ്ച രാവിലെയാണ് പാടത്ത് നഗ്നയായി അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.
പെൺകുട്ടിയെ കണ്ടെത്തുമ്പോൾ രക്തസ്രാവമുണ്ടായിരുന്നതായും തുടർന്ന് കുടുംബാംഗങ്ങളെ വിവരമറിയിച്ചതായി പൊലീസ് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് ജയ്പാൽ സിങ് പറഞ്ഞു.
സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രതിയെ കണ്ടെത്താൻ മൂന്ന് സംഘങ്ങൾ രൂപീകരിച്ചതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.