വഖഫ് ഹരജികളിലെ സുപ്രിംകോടതി ഇടപെടൽ ചരിത്രപരമെന്ന് അമാനത്തുല്ല ഖാൻ
വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നതും ബോർഡുകളിൽ നിയമനം നടത്തരുതെന്നതും നല്ല നിർദേശമാണെന്നും അമാനത്തുല്ല ഖാൻ മീഡിയവണിനോട്
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രിംകോടതിയിൽ നിന്നുണ്ടായത് ചരിത്രപരമെന്ന് ഹരജിക്കാരനായ ഡൽഹി വഖഫ് ബോർഡ് മുൻ ചെയർമാനും ആം ആദ്മി എംഎൽഎയുമായ അമാനത്തുള്ള ഖാൻ മീഡിയവണിനോട്. വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നതും ബോർഡുകളിൽ നിയമനം നടത്തരുതെന്നതും നല്ല നിർദേശമാണ്.കോടതി ഇടപെടലിൽ സന്തോഷം ഉണ്ടെന്നും അമാനത്തുള്ളാ ഖാൻ പറഞ്ഞു.
വഖഫിൽ സ്വത്തിൽ തൽസ്ഥിതി തുടരണമെന്നായിരുന്നു സുപ്രിംകോടതി ഇന്നലെ നിര്‍ദേശിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചു. ഏഴു ദിവസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന വഖഫ് ബോർഡുകളിൽ നിയമനം നടത്താൻ പാടില്ലെന്നും കോടതി നിർദേശിച്ചിരുന്നു.
ഹരജികൾ വീണ്ടും പരിഗണിക്കുന്നത് വരെ വഖഫ് ബോർഡുകളിലും നിയമനങ്ങൾ ഉണ്ടാകരുതെന്നും കോടതി കേന്ദ്രത്തിനെ അറിയിച്ചിട്ടുണ്ട്. നിയമം പൂർണ്ണമായി സ്റ്റേ ചെയ്യില്ല എന്നും സുപ്രികോടതി വ്യക്തമാക്കി. നിയമത്തിൽ പൂർണ്ണമായി മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. തർക്ക ഭൂമിയിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നും സുപ്രീംകോടതി ആവർത്തിച്ചു. നിലവിലെ വഖഫ് ഭൂമികൾ വഖഫ് അല്ലാതാക്കി മാറ്റരുതെന്നും കോടതി നിർദേശിച്ചിരുന്നു.