Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ഇല്ല. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി. ആത്മഹത്യാ പ്രേരണ ചുമത്തിയുള്ള അന്വേഷണം പൊലീസ് നടത്തിയിട്ടുണ്ടെന്നും അതിനാൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലന്നും സുപ്രിംകോടതി വ്യക്തമാക്കി.
ആത്മഹത്യ പ്രേരണ കേസുകളിൽ എല്ലാം സിബിഐ അന്വേഷണം പ്രായോഗികം അല്ല എന്നാണ് സുപ്രിംകോടതി വ്യക്തമാക്കുന്നത്. സംഭവത്തിൽ സംസ്ഥാന പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ട് അതിനാൽ സിബിഐയുടെ അന്വേഷണം എന്തിനാണെന്നും കോടതി ചോദിച്ചു.
മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നേരത്തെ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ആവശ്യം തള്ളി തോടെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. നവീൻ ബാബുവിന്റെ കുടുംബത്തിനായി സീനിയർ അഭിഭാഷകൻ സുനിൽ ഫെർണാണ്ടസ് ആണ് ഹാജരായത്. ജസ്റ്റിസുമാരായ സുധാൻഷൂ ദൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.