ശരീഅത്ത് നിയമത്തിന് പകരം മുസ്‌ലിംകൾക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം തിരഞ്ഞെടുക്കാമോ എന്നത് പരിശോധിക്കാമെന്ന് സുപ്രിംകോടതി
മലയാളി അഭിഭാഷകനായ കെ.കെ നൗഷാദ്, എക്‌സ് മുസ്‌ലിമായ പി.എം സഫിയ എന്നിവരുടെ ഹരജിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.
ന്യൂഡൽഹി: ശരീഅത്ത് നിയമത്തിന് പകരം മുസ്‌ലിംകൾക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം തിരഞ്ഞെടുക്കാമോ എന്നത് പരിശോധിക്കാമെന്ന് സമ്മതിച്ച് സുപ്രിംകോടതി. മലയാളി അഭിഭാഷകനായ കെ.കെ നൗഷാദ്, എക്‌സ് മുസ്‌ലിമായ പി.എം സഫിയ എന്നിവരുടെ ഹരജിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. ഇസ്‌ലാം മതം ഉപേക്ഷിച്ചവർക്ക് ശരീഅത്ത് നിയമത്തിന് പകരം ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ബാധകമാക്കണം എന്നാണ് സഫിയയുടെ ഹരജിയിലെ ആവശ്യം.
മുസ്‌ലിമായ ഒരു വ്യക്തിക്ക് ശരീഅത്ത് നിയമം അല്ലാതെ സ്വന്തം താത്പര്യപ്രകാരം ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടാകണമെന്നും അതിന് നിയമപരിരക്ഷ നൽകണമെന്നുമാണ് കെ.കെ നൗഷാദിന്റെ ഹരജിയിൽ ആവശ്യപ്പെടുന്നത്. മുസ്‌ലിം വ്യക്തി നിയമത്തെ ചോദ്യം ചെയ്യുകയോ അത് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. എന്നാൽ ഒരു വ്യക്തിക്ക് ശരീഅത്ത് നിയമം പിന്തുടരാൻ താത്പര്യമില്ലെങ്കിൽ അത് അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും നൗഷാദിന്റെ ഹരജിയിൽ പറയുന്നു.
മുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് മുസ്‌ലിമായ ഒരു വ്യക്തിക്ക് അവരുടെ സ്വത്തിന്റെ മൂന്നിലൊന്ന് വരെ മാത്രമേ വിൽപത്രം വഴി വസ്വിയ്യത്ത് ചെയ്യാൻ കഴിയൂ, സുന്നി മുസ്‌ലിംകൾക്കിടയിൽ ഇത് അവകാശികൾ അല്ലാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ശേഷിക്കുന്ന മൂന്നിൽ രണ്ട് ഭാഗം സ്ഥിരമായ ഇസ്‌ലാമിക അനന്തരാവകാശ തത്വങ്ങൾ അനുസരിച്ച് നിയമപരമായ അവകാശികൾക്കിടയിൽ വിതരണം ചെയ്യണം. ഇതിൽ നിന്നുള്ള ഏതൊരു വ്യതിയാനവും നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെ അസാധുവായി കണക്കാക്കപ്പെടുന്നു. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21, 25 എന്നിവയുടെ ലംഘനമാണെന്നും നൗഷാദിന്റെ ഹരജിയിൽ പറയുന്നു.
പ്രാർഥന, വ്രതാനുഷ്ഠാനം, ഭക്ഷണ നിയന്ത്രണം, പലിശ വാങ്ങുന്നതിലുള്ള നിരോധനം തുടങ്ങി മുസ്‌ലിംകളുടെ വിശ്വാസപരമായ കാര്യങ്ങളിലൊന്നും നിയമപരമായ ഇടപെടലില്ല. എന്നാൽ പിന്തുടർച്ചാവകാശത്തിൽ മാത്രമാണ് മുസ്‌ലിം വ്യക്തിനിയമം നിർബന്ധമായി നടപ്പാക്കാൻ നിയമപരമായ ഇടപെടലുണ്ടാകുന്നത്. ഇത് വ്യക്തി സ്വാതന്ത്രത്തിന്റെയും ഭരണഘടനയുടെ മതേതര സ്വഭാവത്തിന്റെയും ലംഘനമാണ്. മാത്രമല്ല, ഒരു മുസ്‌ലിം നികാഹ് ഒഴിവാക്കി 1954 ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുമ്പോൾ, രണ്ട് കക്ഷികളും മുസ്‌ലിംകളാണെങ്കിൽ പോലും നിയമപരമായ ഇടപെടൽ ഉണ്ടാവില്ല. മാത്രമല്ല, സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നതിലൂടെ, അനന്തരാവകാശ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള മുഴുവൻ മുസ്‌ലിം വ്യക്തിനിയമത്തിൽ നിന്നും അവർ ഒഴിവായതായി കണക്കാക്കുകയും ചെയ്യുന്നു.
അതേസമയം ഒരു മുസ്‌ലിം സ്വന്തം താത്പര്യപ്രകാരം ശരീഅത്ത് പ്രകാരമുള്ള പിന്തുടർച്ചാവകാശത്തിൽ നിന്ന് പിൻമാറി വിൽപ്പത്രം തയ്യാറാക്കിയാൽ നിയപരമായി അത് അസാധുവാകും. മുസ്‌ലിംകൾക്ക് മാത്രമായി വിൽപ്പത്ര സ്വാതന്ത്ര്യം നിഷേധിക്കുന്നത് അനന്തരാവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി യുക്തിസഹമായി യാതൊരു ബന്ധവുമില്ല. മാത്രവുമല്ല, അത് ഏകപക്ഷീയവും വിവേചനപരവുമാണെന്നും നൗഷാദിന്റെ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.