തെരഞ്ഞെടുപ്പിൽ മതി, മന്ത്രിസഭയിൽ വേണ്ട: ബി.ജെ.പിയുമായുള്ള ബന്ധം പരിമിതപ്പെടുത്തി അണ്ണാ ഡിഎംകെ
"ജയലളിതയുടെ കാലത്തു തന്നെ പാർട്ടി മുസ്ലിംകൾക്കൊപ്പാണ്. വഖഫ് ഭേദഗതിയിൽ ബിജെപിക്ക് എതിരെയാണ് ഞങ്ങൾ വോട്ട് ചെയ്തത്...' മുതിർന്ന പാർട്ടി നേതാവ് തമ്പിദുരൈ
ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മന്ത്രിസഭാ രൂപീകരണത്തിന് ബിജെപിയെ കൂട്ടില്ലെന്ന് എഐഎഡിഎംകെ (അണ്ണാ ഡിഎംകെ) തലവൻ എടപ്പാടി കെ പളനിസ്വാമി. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ എൻഡിഎ പ്രവേശനം പ്രഖ്യാപിച്ച അണ്ണാ ഡിഎംകെ ഒരാഴ്ചക്കുള്ളിലാണ് നിലപാട് മാറ്റിയത്. ബിജെപിയുമായുള്ള സഖ്യം തെരഞ്ഞെടുപ്പിൽ മാത്രമായിരിക്കുമെന്നും സഖ്യസർക്കാർ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പളനിസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിജയം നേടിയാൽ ഒറ്റക്ക് ഭരിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്ന് മുതിർന്ന അണ്ണാ ഡി.എം.കെ നേതാവും രാജ്യസഭാ എം.പിയുമായ തമ്പിദുരൈയും വ്യക്തമാക്കി.
ഏപ്രിൽ 11-ന് ചെന്നൈയിൽ അമിത് ഷാ നടത്തിയ വാർത്താസമ്മേളം ഏറെ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ടുവർഷത്തെ ഇടവേളക്കു ശേഷം അണ്ണാ ഡിഎംകെയെ എൻഡിഎ മുന്നണിയിൽ എത്തിക്കാൻ കഴിഞ്ഞത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളിൽ ഒരു സുപ്രധാന ചുവടുവെപ്പായി വിലയിരുത്തപ്പെട്ടു. സഖ്യത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിക്കുകയും ചെയ്തു.
കേന്ദ്രത്തിൽ നരേന്ദ്ര മോദിയും തമിഴ്‌നാട്ടിൽ പളനി സ്വാമിയും സഖ്യത്തെ നയിക്കും, 2026 തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുകയും മന്ത്രിസഭ രൂപീകരിക്കുകയും ചെയ്യും, രണ്ട് കക്ഷികൾക്കും ഈ സഖ്യം ഗുണം ചെയ്യും, ബി.ജെ.പിയും അണ്ണാ ഡി.എം.കെയും ചേർന്ന് ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ ഗ്രാമങ്ങൾ തോറും പ്രചരണം നടത്തും എന്നിവയായിരുന്നു അമിത് ഷായുടെ വാർത്താസമ്മേളനത്തിലെ ശ്രദ്ധേയ പരാമർശങ്ങൾ. അമിത് ഷായ്ക്കു കൂടെ വേദിയിൽ ഉണ്ടായിരുന്ന എടപ്പാടി പളനിസ്വാമിയും എസ്.പി വേലുമണി, കെ.പി മുനിസ്വാമി എന്നീ അണ്ണാ ഡി.എം.കെ നേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.
ബുധനാഴ്ച നിയമസഭയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട പളനിസ്വാമി, സർക്കാർ രൂപീകരണത്തിൽ ബിജെപിയെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞാണ് സംസാരിച്ചത്. 'സഖ്യസർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ ഒരിക്കലും പറഞ്ഞിട്ടില്ല. കേന്ദ്രത്തിൽ മോദിയും തമിഴ്‌നാട്ടിൽ ഞാനും നയിക്കും എന്നു മാത്രമാണ് പറഞ്ഞത്. നിങ്ങൾ തെറ്റിദ്ധരിക്കുകയും കുതന്ത്രങ്ങളുണ്ടാക്കുകയും ചെയ്യുകയാണ്. അണ്ണാ ഡിഎംകെയും ബിജെപിയും ചേർന്ന് തെരഞ്ഞെടുപ്പ് ജയിക്കും.' പളനിസ്വാമി പറഞ്ഞു. ബിജെപിയുമായി തങ്ങൾ സഖ്യമുണ്ടാക്കുന്നതിൽ ഡിഎംകെ പ്രകോപിതരാവേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുമായുള്ള ബന്ധം പുലർത്തുന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഉയരുന്ന അതൃപ്തിയാണ് പെട്ടെന്നുള്ള ഈ നിലപാടുമാറ്റത്തിനു കാരണം എന്നാണ് സൂചന. ജയലളിതയുടെ മരണത്തിനു ശേഷം ആഭ്യന്തര പ്രശ്‌നങ്ങളാൽ ഉഴറുന്ന പാർട്ടിയെ ഉപയോഗിച്ച് ബിജെപി വളർച്ചയുണ്ടാക്കുമെന്നും അത് അണ്ണാ ഡിഎംകെയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നുമുള്ള ആശങ്ക പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. സീറ്റുകൾ നേടാൻ കഴിഞ്ഞില്ലെങ്കിലും സമീപകാല തെരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതത്തിൽ ബി.ജെ.പി ഉണ്ടാക്കിയ ക്രമാനുഗത വളർച്ചയാണ് ബിജെപി വിരുദ്ധ വിഭാഗം ഉയർത്തിക്കാണിക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാലു ശതമാനത്തിൽ താഴെ മാത്രം ആയിരുന്ന ബി.ജെ.പിയുടെ വോട്ടുവിഹിതം കഴിഞ്ഞ വർഷം ഒറ്റക്ക് മത്സരിച്ചപ്പോൾ 11.24 ശതമാനമായി ഉയർന്നിരുന്നു. ഡിഎംകെയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഉപയോഗിക്കുന്നതിനപ്പുറം ബിജെപിക്ക് അവസരങ്ങൾ നൽകിയാൽ പാർട്ടിയുടെ അടിത്തറ എന്നെന്നേക്കുമായി നഷ്ടമാകുമെന്ന ഭയവും അണ്ണാ ഡിഎംകെയിലുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുമെന്ന ആശങ്കയും ബിജെപി സഖ്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ അണ്ണാ ഡിഎംകെയെ പ്രേരിപ്പിച്ചിട്ടുണ്ട്. വഖഫ് ഭേദഗതി ബില്ലിൽ തങ്ങൾ ബിജെപി നിലപാടിന് എതിരായാണ് പാർലമെന്റിൽ വോട്ട് ചെയ്തതെന്നും മുസ്ലിം സമുദായം എന്നും അണ്ണാ ഡിഎംകെയ്ക്ക് ഒപ്പമായിരുന്നുവെന്നും മുതിർന്ന നേതാവ് തമ്പിദുരൈ പറഞ്ഞു.
'ബിജെപിയുമായി സഖ്യചർച്ച നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ നാല് എംപിമാരും വഖഫ് ബില്ലിൽ മുസ്ലിംകൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ജയലളിതയുടെ കാലത്തുതന്നെ പാർട്ടിയുടെ നിലപാട് ഇതാണ്. ഹജ്ജ് തീർഥാടനത്തിനും നോമ്പിനുമെല്ലാം മുസ്ലിംകൾക്ക് അണ്ണാ ഡിഎംകെ സർക്കാർ നിരവധി ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. മുസ്ലിംകൾക്കും അക്കാര്യം അറിയാം. ബിജെപിയുമായി സഖ്യമുണ്ടായാലും ആ നിലപാടിൽ മാറ്റംവരില്ല. മുസ്ലിംകൾക്ക് അപകടം വരുന്ന ഘട്ടങ്ങളിൽ പാർട്ടി ഇടപെടും.' - തമ്പിദുരൈ പറഞ്ഞു. ബിജെപിയുമായി തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുന്നതു കൊണ്ട് ന്യൂനപക്ഷം പാർട്ടിയുമായി അകലുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.