ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു കത്തിച്ച കേസ്; പ്രതി ദശ്വന്തിനെ വിട്ടയച്ച് സുപ്രിംകോടതി
പീഡനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിൽ പുറത്തിറങ്ങി സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു
ചെന്നൈ: പോരൂരിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കത്തിച്ച കേസിൽ വധശിക്ഷ വിധിക്കപ്പെട്ട സോഫ്റ്റ്‌വെയർ എൻജിനീയർ ദശ്വന്തിനെ സുപ്രീം കോടതി വിട്ടയച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടതായി ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി.
കൂടാതെ, അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു. ഈ കേസിലും കഴിഞ്ഞ മാസം വിചാരണക്കോടതി ദശ്വന്തിനെ വിട്ടയച്ചിരുന്നു.
2017ലാണ് സമീപവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ, ദശ്വന്തിനെ അറസ്റ്റ് ചെയ്തത്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തുടർന്ന് 2018ൽ ചെങ്കൽപെട്ട് വനിതാകോടതി വധശിക്ഷ വിധിക്കുകയും മദ്രാസ് ഹൈക്കോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിട്ടയക്കാൻ ഉത്തരവിട്ടത്.
2017 ഫെബ്രുവരിയിലാണ് കുട്ടിയെ കാണാതാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതേ ഫ്‌ലാറ്റിൽ തന്നെ താമസിച്ചിരുന്ന ദശ്വന്തിനെ അറസ്റ്റ് ചെയ്യുന്നത്. നായയെ കാണിച്ച് ഫ്‌ലാറ്റിലെത്തിച്ച ശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ ശരീരം കത്തിക്കുകയുമായിരുന്നു. തന്റെ പ്രവൃത്തിയിൽ പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് ഇരയുടെ പിതാവ് പറയുന്നു. ഇരയുടെ സഹോദരനെയും കൊലപ്പെടുത്തുമെന്ന് പ്രതി നിരവധി തവണ ഭീഷണിപ്പെടുത്തിയതായി പിതാവിനെ ഉദ്ധരിച്ച് ദ ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു.
2017ൽ പീഡനക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് പ്രതി മാതാവിനെ കൊലപ്പെടുത്തിയത്. മാതാവിന്റെ ആഭരണങ്ങളുമായി കടന്നുകളഞ്ഞ പ്രതി സഹതടവുകാരായിരുന്ന ഡേവിഡ്, ജെയിംസ് എന്നിവരുമായി അത് പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ കേസിൽ ദൃക്‌സാക്ഷിയായ പിതാവ് കൂറുമാറിയതിനെ തുടർന്ന് വിചാരണക്കോടതി ദശ്വന്തിനെ വിട്ടയക്കുകയായിരുന്നു.