പഹൽഗാം പരാമര്‍ശം; മാപ്പ് പറഞ്ഞതിന് പിന്നാലെ സോനു നിഗത്തിന്‍റെ പാട്ട് കന്നഡ ചിത്രത്തിൽ നിന്നും നീക്കം ചെയ്തു
കന്നഡ സിനിമയിൽ സോനു നിഗം ആലപിച്ച ഗാനം നീക്കം ചെയ്തിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്
ബെംഗളൂരു: പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ സോനു നിഗം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട പ്രസ്താവന കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഗായകനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. പരാമര്‍ശം വിവാദമായതോടെ സോനു മാപ്പ് പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കന്നഡ സിനിമയിൽ സോനു നിഗം ആലപിച്ച ഗാനം നീക്കം ചെയ്തിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഉടൻ പുറത്തിറങ്ങാൻ പോകുന്ന 'കുലദള്ളി കീല്യാവുഡോ' എന്ന ചിത്രത്തിലെ സോനു നിഗം പാടിയ പാട്ട് നീക്കം ചെയ്തതായി നിര്‍മാതാക്കൾ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. "സോനു നിഗം ഒരു നല്ല ഗായകനാണെന്നതിൽ സംശയമില്ല. പക്ഷേ, അടുത്തിടെ ഒരു സംഗീത പരിപാടിയിൽ കന്നഡയെക്കുറിച്ച് സംസാരിച്ചതിൽ ഞങ്ങൾക്ക് വളരെ വിഷമമുണ്ട്. സോനു നിഗം കന്നഡയ്ക്ക് ചെയ്ത അപമാനം ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല, അതിനാൽ ഗാനം നീക്കം ചെയ്തു" എന്ന് പ്രസ്താവനയിൽ പറയുന്നു. കെ രാംനാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി 'മനസു ഹാത്തടെ' എന്ന ഗാനമാണ് സോനു ആലപിച്ചത്. യോഗരാജ് ഭട്ട് എഴുതി മനോമൂർത്തിയാണ് ഈണം പകര്‍ന്നിരിക്കുന്നത്. കന്നഡ ഗായകൻ ചേതനെക്കൊണ്ട് ഈ പാട്ട് വീണ്ടും പാടിക്കാനാണ് തീരുമാനം. കൂടാതെ, ചിത്രത്തിന്‍റെ നിർമാതാവായ സന്തോഷ് കുമാർ ഭാവിയിലും സോനു നിഗവുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു.
ഒരു കോളജിൽ നടന്ന സംഗീതപരിപാടിക്കിടെ കാണികളിലൊരാൾ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് സോനു നിഗം നടത്തിയ പരാമർശമാണ് വിവാദമായത്. ‘കന്നഡ ഗാനങ്ങള്‍ പാടാന്‍ എനിക്ക് ഇഷ്ടമാണ്. കര്‍ണാടകയിലെ ജനങ്ങളെ ഞാൻ ബഹുമാനിക്കുന്നു. എല്ലാ ഭാഷകളിലും ഞാന്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എന്നാല്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ പാടിയ ഏറ്റവും മികച്ചവ കന്നഡ ഗാനങ്ങളാണ്. ഒരുപാട് സ്‌നേഹത്തോടെയാണ് നിങ്ങള്‍ക്കിടയിലേക്കു വരുന്നത്. പക്ഷേ ഒരു പയ്യന്‍, അവന് എത്ര വയസുണ്ടെന്ന് എനിക്കറിയില്ല. അവന്‍ ജനിക്കുന്നതിനു മുമ്പ് ഞാന്‍ കന്നഡ ഗാനങ്ങള്‍ പാടിത്തുടങ്ങിയതാണ്. അവന്‍ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അവന്‍ എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. ‘കന്നഡ, കന്നഡ’ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്.’
‘പഹല്‍ഗാമില്‍ സംഭവിച്ചത് എന്താണെന്ന് അറിയാമോ? ഇതാണ് കാരണം. നിങ്ങള്‍ ഇപ്പോള്‍ ചെയ്തത് എന്താണ്? ആദ്യം മുന്നില്‍ ആരാണ് നില്‍ക്കുന്നതെന്നു നോക്കൂ. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ലോകത്ത് എവിടെ പോയാലും ഞാന്‍ എപ്പോഴും എല്ലാവരോടും പറയാറുണ്ട്, 14,000 പേരുള്ള സദസ്സില്‍ കർണാടകയിൽ നിന്നുള്ള ഒരാളെങ്കിലും ഉണ്ടാകുമെന്ന്. അയാൾക്കു വേണ്ടി ഞാൻ കന്നഡ ഗാനം പാടുകയും ചെയ്യും. കാരണം, ഞാന്‍ നിങ്ങളെ അത്രയധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അതിനാല്‍ അല്‍പം കരുതല്‍ വേണം, നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല’, എന്നായിരുന്നു സോനു നിഗത്തിന്‍റെ പ്രതികരണം.
പരാമര്‍ശത്തിനെതിരെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് രംഗത്തെത്തുകയും സോനു നിഗവുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ "എന്‍റെ സ്നേഹം എന്‍റെ ഈഗോയെക്കാൾ വലുതാണ്" എന്ന് പറഞ്ഞുകൊണ്ട് സോനു നിഗം മാപ്പ് പറഞ്ഞിരുന്നു.