Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: പാകിസ്താന് വീണ്ടും മുന്നറിയിപ്പുമായി ഇന്ത്യ. രാജ്യത്തിന്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നൂറിലധികം ഭീകരരെ കൊലപ്പെടുത്തിയെന്നും പാകിസ്താൻ മിസൈലുകൾ ഇന്ത്യ തകർത്തെന്നും രാജ്നാഥ് സിങ് അറിയിച്ചു. ഡിഫൻസ് റിസർച്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താന്റെ ഭീകരവാദ താവളങ്ങളെ തകർക്കുകയാണ് ലക്ഷ്യം. ഒൻപത് ഭീകരവാദ താവളങ്ങൾ തകർത്തു. സാധാരണക്കാർക്ക് പരിക്കേറ്റിട്ടില്ല. ഓപറേഷൻ സിന്ദൂർ രാജ്യത്തിന് അഭിമാന നിമിഷമാണ്. പാകിസ്താനിലെ നഗരങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. കൂടുതൽ സൈനിക നീക്കങ്ങൾക്കായി തയ്യാറാകുകയാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ഓപറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരരെന്ന് രാജ്നാഥ് സിങ് പറഞ്ഞിരുന്നു. കാണ്ഡഹാർ വിമാനം റാഞ്ചലിന്റെയും പാർലമെന്റ് ആക്രമണത്തിന്‍റെയും സൂത്രധാരനായ അബ്ദുൽ റഊഫ് അസ്ഹറും ഓപറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടിരുന്നു.