പഞ്ചാബ് അതിര്‍ത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം കൊലപ്പെടുത്തി
ഫിറോസ് ഫോർ സെക്ടറിൽ ആണ് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്
ചണ്ഡീഗഡ്: പഞ്ചാബിലെ അതിർത്തി മേഖലയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം കൊലപ്പെടുത്തി. ഫിറോസ് ഫോർ സെക്ടറിൽ ആണ് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്.
അതേസമയം അതിര്‍ത്തിയിൽ പ്രകോപനം തുടരുകയാണ് പാകിസ്താൻ. കുപ്വാര, ബാരാമുള്ള, ഉറി, അഖിനൂർ മേഖകളിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വെടിയുതിർത്തു. സൈന്യം ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണരേഖയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ സേനാ വിന്യാസവും വർധിപ്പിച്ചിട്ടുണ്ട്. നൂറിലധികം കുടുംബങ്ങളെ അതിർത്തിയിൽ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കരസേന മേധാവി അതിർത്തിയിലെ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. സംഘർഷ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്കുള്ള അന്തർദേശീയ പിന്തുണ വർധിക്കുകയാണ്.
സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. അതേസമയം ഇന്ത്യ- പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിടും. 430 വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ വെടിവെപ്പിൽ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ടു. 59 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.