Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മുംബൈ: രാമനവമി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്. രാമനവമി ഘോഷയാത്രയിൽ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷയൊരുക്കുന്നത്.
രാമനവമി ഘോഷയാത്രകളുടെ പ്രധാന സ്ഥലമായ ഉത്തർപ്രദേശിലെ അയോധ്യയിൽ ഗതാഗത മാനേജ്മെന്റ് സംവിധാനങ്ങൾ, അഗ്നിശമന ഉപകരണങ്ങൾ, ഡ്രോണുകൾ, സിസിടിവി ക്യാമറകൾ എന്നിവ പൊലീസ് വിന്യസിച്ചിട്ടുണ്ട്. സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിനായി വ്യത്യസ്ത മതനേതാക്കളുമായി സഹകരിക്കാൻ ഡിജിപി പ്രശാന്ത് കുമാർ പ്രാദേശിക പൊലീസിന് നിർദേശം നൽകി. ധാരാളം ഭക്തരെ പ്രതീക്ഷിക്കുന്നതിനാൽ റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയിടങ്ങളിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
11,000 കോൺസ്റ്റബിൾമാർ, 2500 ഉദ്യോഗസ്ഥർ, 51 അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവരുൾപ്പെടെ 13,500ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് മുംബൈയിൽ വിന്യസിച്ചിട്ടുള്ളത്. സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്‌സിൽ (എസ്ആർപിഎഫ്) നിന്നും, മറ്റ് പ്രത്യേക യൂണിറ്റുകളിൽ നിന്നുമുള്ള ഒമ്പത് പ്ലാറ്റൂണുകളെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
കൊൽക്കത്തയിലും സുരക്ഷാ ഒരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി 5000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. തലസ്ഥാനമായ കൊൽക്കത്തയിൽ മാത്രം 4000 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്ക് നിയോഗിച്ചിട്ടുണ്ട്.
ഒഡീഷയിലെ സാംബൽപൂർ, കട്ടക്ക്, ബാലസോർ, ഭദ്രക് തുടങ്ങിയ സെൻസിറ്റീവ് പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. 2023ൽ വർഗീയ സംഘർഷത്തിന് സാക്ഷ്യം വഹിച്ച സാംബൽപൂരിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.