വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മുസ്‌ലിം വ്യക്തിനിയമ ബോർഡ്
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയിൽ ഹരജി നൽകി ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്. ഭേദഗതികൾ ഏകപക്ഷീയവും വിവേചനപരവുമെന്ന് ഹരജിയിൽ പറയുന്നു. രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുസ്‌ലിം വ്യക്തിനിയമ ബോർഡ് സുപ്രിംകോടതിയിൽ ഹരജി നൽകിയത്.
ബോർഡിനു വേണ്ടി ജനറൽ സെക്രട്ടറി മൗലാനാ മുഹമ്മദ് ഫസലുറഹീം മുജാദിദിയാണ് ഹരജി സമർപ്പിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ കോടതിയുടെ ഭാഗത്തുനിന്നും ഇടപെടലുണ്ടാവണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
നേരത്തെ ബില്ലിൽ ഒപ്പുവയ്ക്കുംമുമ്പ് രാഷ്ട്രപതിയെ കാണാൻ മുസ്‌ലിം വ്യക്തിനിയമ ബോർഡ് നേതാക്കൾ സമയം തേടിയിരുന്നു. ബില്ലുമായി ബന്ധപ്പെട്ട ആശങ്കകൾ രാഷ്ട്രപതിയെ നേരിട്ട് അറിയിക്കാനായിരുന്നു ഇത്. എന്നാൽ സമയം ലഭിച്ചിരുന്നില്ല. തുടർന്ന് രാഷ്ട്രപതി ബില്ലിൽ ഒപ്പുവയ്ക്കുകയും ചെയ്തു. പിന്നാലെയാണ് മുസ്‌ലിം വ്യക്തിനിയമ ബോർഡ് ഇപ്പോൾ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
നിയമത്തിനെതിരെ ഇന്നലെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രിംകോടതിയിൽ ഹരജി നൽകിയിരുന്നു. നിയമം പ്രാബല്യത്തിലാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. നേരത്തെ, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി, ആം ആദ്മി പാര്‍ട്ടി എംഎൽഎ അമാനത്തുല്ല ഖാൻ എന്നിവരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
വഖഫ് ഭേദഗതി ബിൽ മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനവും മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും വിവേചനവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. പ്രതിപക്ഷ എതിർപ്പ് അവഗണിച്ച് ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബിൽ ശനിയാഴ്ച അർധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.