'ഫലസ്തീനികളുടെ രക്തം ആഘോഷിക്കുന്ന നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു'; മൈക്രോസോഫ്റ്റിനെതിരെ മുൻ ജീവനക്കാരിയുടെ പ്രതിഷേധം
- സിഇഒ സത്യ നാദെല്ല, മുൻ സിഇഒമാരായ ബിൽ ഗേറ്റ്‌സ്, സ്റ്റീവ് ബാൽമർ എന്നിവർക്കെതിരെയായിരുന്നു പ്രതിഷേധം
വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് മൈക്രോസോഫ്റ്റിനെതിരെ മുൻ ജീവനക്കാരിയുടെ പ്രതിഷേധം. മൈക്രോസോഫ്റ്റിന്റെ 50-ാം വാർഷിക പരിപാടിയിലാണ് വാനിയ അഗർവാൾ എന്ന മുൻ ജീവനക്കാരി ഫലസ്തീനികൾക്കായി സംസാരിച്ചത്. സിഇഒ സത്യ നാദെല്ല, മുൻ സിഇഒമാരായ ബിൽ ഗേറ്റ്‌സ്, സ്റ്റീവ് ബാൽമർ എന്നിവർക്കെതിരെയായിരുന്നു പ്രതിഷേധം.
ഗസ്സയിൽ വംശഹത്യ നടത്താൻ ഇസ്രായേൽ ടെക് ഭീമന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്ന് ഇന്ത്യൻ-അമേരിക്കൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വാനിയ അഗർവാൾ ആരോപിച്ചു. "ഗസ്സയിലെ അമ്പതിനായിരം ഫലസ്തീനികളെ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് എത്ര ധൈര്യമുണ്ട്? ഫലസ്തീനികളുടെ രക്തം ആഘോഷിക്കുന്ന നിങ്ങളെയോർത്ത് ലജ്ജ തോന്നുകയാണ്," വാനിയ പറഞ്ഞു.
മൈക്രോസോഫ്റ്റിനെ 'ഡിജിറ്റൽ ആയുധ നിർമ്മാതാവ്' എന്ന് വിളിച്ച യുവതി ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടു. പിന്നീട് സെക്യൂരിറ്റി ഗാർഡുകൾ എത്തി വാനിയയെ വേദിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നാലെ പാനൽ ചർച്ചകൾ പുനാരാരംഭിച്ചെങ്കിലും പ്രതിഷേധത്തെക്കുറിച്ച് എക്സിക്യൂട്ടീവുകൾ പ്രതികരിച്ചില്ല.
അക്രമാസക്തമായ അനീതിയിൽ പങ്കാളികളാകുന്ന ഒരു കമ്പനിയുടെ ഭാഗമാകാൻ എനിക്ക് നല്ല മനസ്സാക്ഷിയോടെ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാനിയ കമ്പനിയിൽ നിന്ന് രാജി വെച്ചത്. നേരത്തയും ജീവനക്കാർ കമ്പനിക്കെതിരെ സമാന ആരോപണം ഉയർത്തി പ്രതിഷേധിച്ചിട്ടുണ്ട്.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയവുമായി 133 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചതും, ഫലസ്തീനികൾക്കെതിരായ വംശഹത്യയിൽ മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അസൂർ സാങ്കേതികവിദ്യകൾ ഉപയോഗിച്ചതുമാണ് പ്രതിഷേധത്തിന് കാരണമായത്.