മോദിയുടെ അത്താഴവിരുന്ന്, മുംബൈയിലെ ചർച്ചകൾ, ശൈഖ് ഹംദാൻ ഇന്ത്യയിലേക്ക് വരുമ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനം
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനം. ഇന്ത്യയിലേക്കുള്ള ശൈഖ് ഹംദാന്റെ ആദ്യത്തെ ഔദ്യോഗിക സന്ദർശനമാണിത്. വിവിധ മേഖലകളിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങൾ ചർച്ചയാകും. യുഎഇ പ്രതിരോധ മന്ത്രി എന്ന നിലയിൽ പ്രതിരോധ സഹകരണ കരാറുകൾ ഒപ്പുവയ്ക്കാനുള്ള സാധ്യതയുമുണ്ട്.
നാളെ നരേന്ദ്രമോദി ദുബൈ കിരീടാവകാശിക്ക് അത്താഴ വിരുന്നൊരുക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഏപ്രിൽ ഒമ്പതിന് അദ്ദേഹം മുംബൈയിലെത്തും. രാജ്യത്തെ വ്യാപാരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയാണ് ലക്ഷ്യം. ഉഭയകക്ഷി സഹകരണത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് ഇന്ത്യയും യുഎഇയും തമ്മിലെന്ന് നേരത്തെ സന്ദർശന വിവരം അറിയിക്കവെ ശൈഖ് ഹംദാൻ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്കാരുടെ ദുബൈ
യുഎഇയുടെ, പ്രത്യേകിച്ച് ദുബൈയുടെ ആരോഗ്യം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യക്കാരുടെ വലിയ നിക്ഷേപമുണ്ട്. 2024 സെപ്തംബർ വരെ മാത്രം 12,142 ഇന്ത്യൻ കമ്പനികളാണ് ദുബൈയിൽ രജിസ്റ്റർ ചെയ്തത് എന്നാണ് ദുബൈ ചേംബർ ഓഫ് കൊമേഴ്‌സിന്റെ കണക്കുകൾ. രജിസ്റ്റർ ചെയ്ത ഇമാറാത്തി ഇതര കമ്പനികളിൽ ഒന്നാമതാണ് ഇന്ത്യയിൽ നിന്നുള്ള നിക്ഷേപം. ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും ദുബൈയിൽ പണമിറക്കുന്നതിനുള്ള താത്പര്യം പ്രകടമാക്കുന്നതാണ് കണക്കുകൾ.
ദുബൈയിൽ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വിദേശനിക്ഷേപം നടത്തിയ രാഷ്ട്രങ്ങളിൽ ഇന്ത്യയാണ് ഒന്നാമത്. ആകെ നിക്ഷേപത്തിന്റെ 21.5 ശതമാനവും ഇന്ത്യൻ കമ്പനികളുടേതാണെന്ന് ദുബൈ എഫ്ഡിഐ മോണിറ്ററിന്റെ കണക്കുകൾ പറയുന്നു.
ദുബൈയിലെ ധനസേവനങ്ങൾ, നിർമിത ബുദ്ധി, റിയൽ എസ്റ്റേറ്റ്, സൈബർ സെക്യൂരിറ്റി, ടൂറിസം എന്നീ മേഖലകളിലാണ് നേരിട്ടുള്ള വിദേശനിക്ഷേപം കൂടുതലെത്തിയത്. ഇന്ത്യൻ കമ്പനികൾ ഈ മേഖലയിലെല്ലാം സങ്കോചമില്ലാതെ പണമിറക്കി. യുഎസാണ് കൂടുതൽ നിക്ഷേപം നടത്തിയ രണ്ടാമത്തെ രാഷ്ട്രം. ആകെ നിക്ഷേപത്തിന്റെ 13.7 ശതമാനം. ഫ്രാൻസ്, ബ്രിട്ടൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാഷ്ട്രങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ.
ഗ്രീൻഫീൽഡ് ഇൻവസ്റ്റ്‌മെന്റിൽ മേഖലയിൽ 2023നേക്കാൾ 33.2 ശതമാനം അധിക നിക്ഷേപമാണ് ദുബൈക്ക് കഴിഞ്ഞ വർഷ ആകർഷിക്കാനായത്. 2020ന് ശേഷം ഒരു വർഷത്തിൽ ദുബൈയിലെത്തുന്ന ഏറ്റവും ഉയർന്ന മൂല്യമുള്ള വിദേശനിക്ഷേപമാണ് കഴിഞ്ഞ വർഷത്തേത്.ഒരു കമ്പനി, വിദേശരാജ്യത്ത് പുതിയ പ്രവർത്തനസൗകര്യങ്ങളോടെ സംരംഭത്തിന് തുടക്കം കുറിക്കുന്നതാണ് ഗ്രീൻഫീൽഡ് എഫ്ഡിഐ.
വളരുന്ന ഇന്ത്യ-യുഎഇ ബന്ധം
യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം 40 ലക്ഷത്തിലേക്കടുക്കുന്ന സാഹചര്യത്തിൽ ശൈഖ് ഹംദാന്റെ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. 2012 ലെ 22 ലക്ഷത്തിൽ നിന്നാണ് പ്രവാസി ജനസംഖ്യ നാല് ദശലക്ഷത്തിനടുത്തെത്തി നിൽക്കുന്നത്. പന്ത്രണ്ടു വർഷത്തിനിടെ, 17 ലക്ഷം പേരാണ് ഇന്ത്യയിൽ നിന്ന് അധികമായെത്തിയത്. കഴിഞ്ഞ ഒരു വർഷം മാത്രം 1,30,000 ഇന്ത്യക്കാർ യുഎഇയിലെത്തി എന്നാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ കണക്ക്. ഇതിൽ വലിയൊരു വിഭാഗം ചേക്കേറിയത് ദുബൈയിലേക്കാണ്.
ജനസംഖ്യ വർധിച്ചതിനൊപ്പം, ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ശക്തിപ്പെട്ടു. യുപിഐ അടക്കമുള്ള പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ വന്നത് സാമ്പത്തിക ഇടപാടുകൾ ലളിതമാക്കി. കഴിഞ്ഞ ഡിസംബറിൽ ന്യൂഡൽഹിയിൽ വച്ചു നടന്ന ഇന്ത്യ-യുഎഇ സംയുക്ത സമിതി യോഗം, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള മനുഷ്യവിഭവ ശേഷിയുടെ ആസൂത്രണം ചർച്ച ചെയ്തിരുന്നു. യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ.
സെപ സൃഷ്ടിച്ച മാറ്റം
ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവച്ച ശേഷം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെട്ടിട്ടുണ്ട്. അക്കങ്ങൾ മാത്രമല്ല, അതിരുകളില്ലാത്ത സാധ്യതകളും അവസരങ്ങളുമാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ നേടാനായത് എന്നാണ് സെപ കൗൺസിലിന്റെ വിലയിരുത്തൽ.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം 14.76 ശതമാനമായാണ് രണ്ടു വർഷത്തിനിടെ വർധിച്ചത്. 2023-24 സാമ്പത്തിക വർഷത്തിലെ എണ്ണയിതര വ്യാപാരം 20 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ഇക്കാലയളവിൽ യുഎഇയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 27 ശതമാനവും ഇന്ത്യയിലേക്കുള്ള യുഎഇ കയറ്റുമതി ഏഴു ശതമാനവും വർധിച്ചു.
നേരത്തെ, ഊർജമേഖലയിൽ മാത്രമുണ്ടായിരുന്ന വ്യാപാര ബന്ധമാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ മറ്റു മേഖലകളിലേക്കും പുഷ്ടിപ്പെട്ടത്. കരാർ പ്രകാരം ഇന്ത്യയിലെ ഭക്ഷ്യപാർക്കുകളിൽ യുഎഇ രണ്ടു ലക്ഷം ബില്യൺ നിക്ഷേപിക്കും. അടുത്ത അഞ്ചു വർഷത്തിനിടെ നൂറ് ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യം. 2030ഓടെ 1.40 ലക്ഷം ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തൊഴിൽ വിസ ഇഷ്യൂ ചെയ്യുമെന്നും സെപ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ഫെബ്രുവരി 18നാണ് സമഗ്രസാമ്പത്തിക പങ്കാളിത്ത കരാർ അഥവാ സെപ ഒപ്പുവച്ചത്. കരാർ പ്രകാരം യുഎഇയുടെ ആഭ്യന്തര ഉത്പാദനത്തിൽ 1.7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഏറ്റവും പുതിയ കണക്കു പ്രകാരം 85 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങൾക്കുമിടയിലെ വ്യാപാരം.